മലപ്പുറം: പഴയ പദ്ധതികൾ പുതുക്കിയും പുതിയ പദ്ധതികൾ ചേർത്തും 2023-24 വർഷത്തെ മലപ്പുറം നഗരസഭ ബജറ്റ്. 614.96 കോടി രൂപ വരവും 598.89 കോടി രൂപ ചെലവും 16.06 കോടി നീക്കിയിരിപ്പുമുള്ള ബജറ്റാണ് നഗരസഭ ഉപാധ്യക്ഷ ഫൗസിയ കുഞ്ഞിപ്പു അവതരിപ്പിച്ചത്. കേന്ദ്ര നഗരസഞ്ചയ ഫണ്ട് ഉൾപ്പെടെയാണ് ഇത്രയും തുക ബജറ്റിൽ ഉൾപ്പെട്ടത്. വളർത്തുമൃഗ ശ്മശാനം, സ്മാർട്ട് മുനിസിപ്പൽ ഓഫിസ്, സി.എച്ച്. മെമ്മോറിയൽ ഗോൾഡ് മെഡൽ, ഗുരു ശ്രേഷ്ഠ അവാർഡ് എന്നിവയാണ് ബജറ്റിൽ ഇടം പിടിച്ച പുതിയ പദ്ധതികൾ.
ജൈവവൈവിധ്യ പാർക്കുകൾ, കാർബൺ ന്യൂട്രൽ മലപ്പുറം, ഷെൽട്ടർ ഹോം, പ്രോജ്വല ഷീ സ്റ്റേ, മാർക്കറ്റ് കെട്ടിടം, ആധുനിക അറവ് ശാല, നാമ്പ്രാണി തടയണ, ശ്മശാനം, സദ്ഭവ് മണ്ഡപ്, ടൂറിസം നഗരസൗന്ദര്യം, അർബൺ ഫുഡ് സ്ട്രീറ്റ്, പ്രോജക്റ്റ്സ് ലാന്റ് ബാങ്ക് തുടങ്ങിയ പദ്ധതികൾ മുൻ വർഷത്തേതാണ്. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, വയോജനം, ഭിന്നശേഷി, ഊർജം, പൊതുമരാമത്ത്, കുടിവെള്ളം, ശുചിത്വം തുടങ്ങിയവക്കും തുക മാറ്റിവെച്ചിട്ടുണ്ട്.
കുടിവെള്ളം, ഭവന നിർമാണം, ശുചിത്വം, ആരോഗ്യം തുടങ്ങിയ മേഖലക്കാണ് ഇത്തവണ കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്. ഉച്ചക്കുശേഷം ബജറ്റ് ചർച്ച നടന്നു. ചർച്ചയിൽ ഭേദഗതികളോടെ യോഗം അംഗീകാരം നൽകി. നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി, സ്ഥിരസമിതി അധ്യക്ഷന്മാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ഷരീഫ്, സി.പി. ആയിഷാബി, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, സി.എച്ച്. നൗഷാദ്, സി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
കുടിവെള്ളം-58 കോടി, ഭവന നിർമാണം -30.52 കോടി, ശുചിത്വം -25.27 കോടി, ആരോഗ്യം -20.46 കോടി, പൊതുമരാമത്തിന് -10.9 കോടി, ആധുനിക അറവുശാല -13.5 കോടി, വനിത ശിശുവികസനം -5.16 കോടി, പട്ടികജാതി വികസനം -6.2 കോടി, വിദ്യാഭ്യാസം -5.48 കോടി, കലാകായികം -1.53 കോടി, ശ്മശാന നിർമാണം -1.5 കോടി, വളർത്തുമൃഗ ശ്മശാനം -50 ലക്ഷം, നഗരസൗന്ദര്യം -4.75 കോടി, ഊർജ മേഖല -2.60 കോടി, വയോജനം -1.01 കോടി, പ്രോജക്ട് ലാന്റ് ബാങ്ക് -അഞ്ച് കോടി, കാർഷിക മേഖല -65 ലക്ഷം, ഭിന്നശേഷി -85 ലക്ഷം, ഓഫിസ് നവീകരണം -81 ലക്ഷം, ട്രാഫിക് അനുബന്ധ പ്രവർത്തനം -1.30 കോടി, ദുരന്ത നിവാരണം -22 ലക്ഷം, മൃഗ സംരക്ഷണം -17 ലക്ഷം, വ്യവസായം -32 ലക്ഷം, കുടുംബശ്രീ -22 ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.