മലപ്പുറം: ഭവന നിർമാണം, ആരോഗ്യം, ശുചിത്വം, ആധുനിക അറവുശാല, പൊതുമരാമത്ത് വിഭാഗങ്ങൾക്ക് ഊന്നൽ നൽകി നഗരസഭ ബജറ്റ്. മുൻ വർഷത്തിലെ പല പദ്ധതികളും ഇത്തവണയും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. കോട്ടപ്പടി മാർക്കറ്റ് കെട്ടിടം, നാമ്പ്രാണി തടയണ, മിഷൻ 1000 തുടങ്ങിയവയാണ് ഇത്തവണയും ബജറ്റിൽ ഇടംപിടിച്ചവ. 402.27 കോടി വരവും 398.20 കോടി ചെലവും 27.02 കോടി നീക്കിയിരിപ്പുള്ള മിച്ച ബജറ്റാണ് ഉപാധ്യക്ഷ ഫൗസിയ കുഞ്ഞിപ്പു അവതരിപ്പിച്ചത്.
ഭവന നിർമാണത്തിനും ഭവന രഹിതർക്ക് ധനസഹായം നൽകാനുമായി 20 കോടി രൂപയും ഭൂരഹിത ഭവനരഹിതർക്കായി അഞ്ച് കോടിയുമടക്കം ഭവന മേഖലക്ക് 25 കോടി രൂപയാണ് അനുവദിച്ചത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് രണ്ട് കോടി, താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ 9.95 കോടി, ആയുർവേദ ആശുപത്രി കെട്ടിടം ആധുനികവത്കരിക്കാൻ പി.എം.ജെ.വി.കെയിൽ ഉൾപെടുത്തി ഏഴ് കോടി, പാണക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിട നിർമാണത്തിന് രണ്ട് കോടി, ജീവിത ശൈലി രോഗങ്ങൾ തടയാൻ 37 ലക്ഷം, പാലിയേറ്റീവിന് 10 ലക്ഷം, പാലിയേറ്റീവ് രോഗി സംഗമത്തിന് രണ്ട് ലക്ഷം അടക്കം 21.32 കോടിയാണ് ആരോഗ്യ മേഖലക്ക് വകയിരുത്തിയത്. കേന്ദ്ര നഗരസഞ്ചയം പദ്ധതിയിൽ ഉൾപെടുത്തി നാമ്പ്രാണി തടയണ നിർമിക്കാൻ 20.5 കോടി വകയിരുത്തി. ശുചിത്വ മേഖലയിൽ പ്ലാസ്റ്റിക് മാലിന്യം മൂല്യവർധിത ഉത്പന്നമാക്കുന്നതിന് അഞ്ച് കോടി, ഖരമാലിന്യ പരിപാലനത്തിന് കെ.എസ്.ഡബ്ല്യു.എം.പി സഹായത്തോടെ 11 കോടി, പൊതു ശുചിമുറികളും വിശ്രമ കേന്ദ്രങ്ങൾക്കുമായി കേന്ദ്ര നഗരസഞ്ചയം പദ്ധതിയിൽ മൂന്ന് കോടി അടക്കം 19 കോടിയാണ് അനുവദിച്ചത്. ഒന്നാം വാർഡിൽ ആധുനിക സൗകര്യങ്ങളോടെ നഗരസഞ്ചയം പദ്ധതിയിൽ അറവുശാല നിർമിക്കുന്നതിന് 15 കോടി, ആധുനിക വാതക ശ്മശാനത്തിന് 15 കോടിയും അനുവദിക്കും. പൊതുമരാമത്ത് വിഭാഗത്തിൽ 11.85 കോടിയുടെ പദ്ധതികൾക്കാണ് ബജറ്റിൽ തുക മാറ്റിവെച്ചിരിക്കുന്നത്.
ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ റോഡ് നിർമിക്കുന്നതിന് നാല് കോടി, റോഡുകളുടെ അറ്റകുറ്റ പണികൾക്ക് 3.5 കോടി, വിട്ട് കിട്ടിയ സ്ഥാപനങ്ങളുടെ അറ്റകുറ്റ പ്പണികൾക്ക് 2.5 കോടി, സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കമാനങ്ങളും ക്ലോക്ക് ടവറുകളും നിർമിക്കുന്നതിന് 50 ലക്ഷം, കോട്ടപ്പടി-ചെത്തുപ്പാലം മിനി ബൈപ്പാസ് റിങ് റോഡിന് ഒരു കോടി, അപകട വളവുകളിൽ മിററുകൾ സ്ഥാപിക്കുന്നതിനും റോഡുകളുടെ നെയിം ബോർഡുകൾ സ്ഥാപിക്കുന്നതിനും 10 ലക്ഷം, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കായി 25 ലക്ഷവും പൊതുമരാമത്ത് വിഭാഗത്തിൽ അനുവദിച്ചിട്ടുണ്ട്.
മലപ്പുറം: നഗരസഭക്ക് കീഴിൽ പൊതുമേഖല സ്ഥാപനങ്ങളും സ്റ്റാർട്ടപ്പ് വില്ലേജുകളും സ്ഥാപിക്കുന്നതിന് ആലോചന. കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ മാതൃകയിൽ പദ്ധതി നടപ്പിലാക്കാനാണ് നഗരസഭ ബജറ്റിൽ ആലോചിക്കുന്നത്. വ്യവസായ വകുപ്പ് ഭൂമി പാട്ടത്തിനോ സ്വന്തം നിലക്ക് വാങ്ങിയോ പദ്ധതി യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
മലപ്പുറം: നഗരസഭ ബജറ്റ് മുൻ വർഷങ്ങളിലെ ആവർത്തനം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ. മുമ്പ് നടപ്പിലാക്കാൻ കഴിയാതെ പോയ പദ്ധതികൾ വീണ്ടും ഇടം പിടിച്ചു എന്നതിൽ അപ്പുറമൊന്നും തന്നെ ഈ ബജറ്റിലില്ല. ആധുനിക അറവുശാല എന്ന പദ്ധതി ഏറെ കാലമായി പറയുന്നതാണ്. അത് ഇപ്പോഴും പറച്ചിലിൽ ഒരുങ്ങുകയാണ്. ഭൂരഹിത ഭവന രഹിതർക്ക് ഭൂമി കണ്ടെത്താൻ ഇപ്പോഴും നഗരസഭക്ക് കഴിഞ്ഞില്ല എന്നത് വലിയ പരാജയമാണ്. കുറഞ്ഞ ചെലവിൽ ചെയ്യാൻ കഴിയാവുന്ന കോട്ടക്കുന്നിലെ വാരിയൻകുന്നത്ത് പ്രവേശന കവാടവും ഇപ്പോഴും കടലാസിൽ തുടരുകയാണെന്നും ബജറ്റ് നിരാശകരമാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.