മഞ്ചേരി: മഞ്ചേരിയിൽനിന്ന് കശ്മീരിലേക്ക് ബൈക്കിലും ട്രെയിനിലും ഓട്ടോയിലുമായി നിരവധി പേർ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ പയ്യനാട് പിലാക്കല്‍ സ്വദേശികളായ സുഹൈലും അബ്ദുറഹ്മാനും യാത്ര പോവുകയാണ്. സാധാരണ പോലെ വാഹനങ്ങളെ ആശ്രയിച്ചല്ല ആ യാത്ര. കുതിരപ്പുറത്തേറിയാണ് കശ്മീരിലെ മഞ്ഞുമലയിലേക്ക് ഇവർ പ്രയാണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പിലാക്കലിൽ നിന്നാരംഭിച്ച യാത്രക്ക് ഹൃദ്യ യാത്രയയപ്പാണ് നാട്ടുകാർ നൽകിയത്.
സുഹൈലിന്റെയും അബ്ദുറഹ്മാന്റെയും വളർത്തു കുതിരകളാണ് അബുവും സാറയും. അബു ആറ് മാസം മുമ്പും സാറ ഒരു മാസം മുമ്പുമാണ് ഇരുവരുടെയും കൈകളിലെത്തിയതെങ്കിലും രണ്ടു പേരുമായും ഇവർ നല്ല ഇണക്കത്തിലാണ്. കുതിരപ്പുറത്തേറി ഒരു യാത്ര പോയാലോ എന്ന ആശയം ആദ്യം പങ്കുവച്ചത് അബ്ദുറഹ്മാനാണ്. കൂട്ടുകാരന്റെ ആഗ്രഹത്തിന് സുഹൈൽ കട്ടക്ക് കൂടെ നിന്നു. അങ്ങനെ അധ്യാപക ജോലി തൽക്കാലം ഉപേക്ഷിച്ച് സുഹൈലും ഹോൾസെയിൽ മത്സ്യ മാർക്കറ്റിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് അബ്ദുറഹ്മാനും കശ്മീരിലേക്ക് പുറപ്പെട്ടു.
വ്യാഴാഴ്ച പുലര്‍ച്ചയാണ് യാത്രക്ക് തുടക്കം കുറിച്ചത്. കാലാവസ്ഥ പരിഗണിച്ച് അതിരാവിലെയും വൈകീട്ടുമായി നാല് മാസംകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താനാണ് പദ്ധതി. ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും കുതിരക്ക് വേണ്ട പുല്ല് വഴിയരികില്‍നിന്ന് വെട്ടി നല്‍കുകയും ചെയ്യും. കുതിരക്ക് വേണ്ട മറ്റു പ്രത്യേക ഭക്ഷണങ്ങളും രാത്രി താമസിക്കാനുള്ള ടെന്റും കൈയില്‍ കരുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.