പെരിന്തൽമണ്ണ: മണ്ണാർമലയിൽ ക്വാറി അനുവദിക്കുന്നതിനെതിരെ നാലുവർഷമായി സമരം നടത്തിവരുന്നതിനിടെ, നിർദിഷ്ട ഭൂമിയിൽ അതിക്രമിച്ച് കടന്നതായും കൊടിക്കൂറുകൾ നശിപ്പിച്ചതായും ഭൂ ഉടമയുടെ പരാതി. ഇതുസംബന്ധിച്ച് പൊലീസിൽ ഉടമ പരാതി നൽകി.
ക്വാറി വിരുദ്ധ സമരത്തിന് നേതൃത്വം നൽകുന്ന പൗരസമിതി പ്രവർത്തകരായ വാർഡ് അംഗം ഹൈദർ തോരപ്പ, കെ.ടി. ഉമ്മർ, പടിഞ്ഞാറേതിൽ മുഹമ്മദാലി എന്നിവർക്കെതിരെയാണ് പരാതി. നിർദിഷ്ട ക്വാറി സ്ഥലത്ത് അതിക്രമിച്ച് കയറിയെന്നും വസ്തുവകകൾ നശിപ്പിച്ചെന്നുമാണ് ആരോപണം. അതേസമയം, സമരസമിതി പ്രവർത്തകരുടെ മനോവീര്യം കെടുത്താമെന്ന ഉദ്ദേശ്യത്തോടെയുള്ള വ്യാജ ആരോപണമാണിതെന്ന് സമിതി കുറ്റപ്പെടുത്തി. കള്ളക്കേസുകൾക്കെതിരെ പൗരസമിതി പ്രദേശത്ത് പ്രതിഷേധ കൂട്ടായ്മയും പന്തം കൊളുത്തി പ്രകടനവും നടത്തി.
കാര്യവട്ടം വില്ലേജിൽ സർവേ നമ്പർ 1/1എയിൽ ഉൾപ്പെട്ട സ്ഥലത്താണ് ക്വാറി ആരംഭിക്കാൻ ശ്രമം നടക്കുന്നത്. ക്വാറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്തിന്റെ സർവേ മാപ്പിനായി ഉടമ 2021 ആഗസ്റ്റ് 21ന് നൽകിയ അപേക്ഷയിൽ പെരിന്തൽമണ്ണ തഹസിൽദാർ സർവേ മാപ്പ് മേലൊപ്പ് ചാർത്തി അനുവദിച്ചിരുന്നില്ല. പിന്നീട് ഉടമ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ തീർപ്പ് കൽപ്പിക്കാൻ തഹസിൽദാറെ ചുമതലപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ജൂൺ 30ന് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സർവേ മാപ്പ് മേലൊപ്പ് ചാർത്തി അനുവദിക്കാതെ തള്ളിയിരുന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്ത് ക്വാറി അനുവദിക്കരുതെന്നാവശ്യപ്പെട്ട് നാല് വർഷമായി തദ്ദേശീയർ സമരം തുടരുകയാണ്.
15 ഏക്കറിന് മുകളിലുള്ള സ്ഥലങ്ങളിൽ സ്റ്റേറ്റ് ജിയോളജി ഓഫിസ് വഴിയാണ് ക്വാറിക്ക് അനുമതി നൽകേണ്ടത്. 15 ഏക്കറിൽ താഴെയുള്ള സ്ഥലത്താണെങ്കിൽ ജില്ല ജിയോളജി ഓഫിസർക്ക് തീർപ്പാക്കാം. ക്വാറിക്ക് അനുമതി നൽകുന്നതിനെതിരെ ജനാധിപത്യപരമായ മാർഗങ്ങളിലൂടെ സമരം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.
സമരപ്പന്തൽ നവീകരിക്കാനും അനിശ്ചിതകാല സമരം നടത്താനും യോഗം തീരുമാനിച്ചു.
പ്രതിഷേധ കൂട്ടായ്മയിൽ പൗരസമിതി ചെയർമാൻ കെ. ബഷീർ, വാർഡ് അംഗം ഹൈദർ തോരപ്പ, അറബി നാസർ, ഉമ്മർ കോഴിശ്ശേരി, റഷീദ് ചക്കപ്പത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.