പെരിന്തല്‍മണ്ണ: സംസ്ഥാനപാതയിൽ മേലാറ്റൂര്‍-പുലാമന്തോള്‍ റോഡ് പ്രവൃത്തി മന്ദഗതിയിലായ സാഹചര്യത്തില്‍ നിലവിലെ കരാർ കമ്പനിയെ ഒഴിവാക്കി പുനർലേലം നടത്തുന്ന കാര്യം കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിശദമായി ചർച്ച നടത്തി.
റോഡ് പണി അനന്തമായി മുടങ്ങിയതോടെ കെ.എസ്.ടി പ്രോജക്ട് ഡയറക്ടർ പ്രമോദ് ശങ്കർ, ചീഫ് എൻജിനീയർ കെ.ടി. ലിസി എന്നിവർ പെരിന്തൽമണ്ണയിലെത്തി കരാർ കമ്പനി പ്രതിനിധികളെക്കൂടി വിളിച്ച് നജീബ് കാന്തപുരം എം.എൽ.എയുടെ സാന്നിധ്യത്തിലാണ് ചർച്ച നടത്തിയത്. തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ചുചേർക്കാനും അന്തിമ തീരുമാനം അതിൽ കൈക്കൊള്ളാനും ധാരണയായി. നിശ്ചിത സമയത്ത് പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ കരാര്‍ റദ്ദാക്കി കരാറുകാരെ തിരിച്ചയക്കുന്ന കാര്യമാണ് ഉദ്യോഗസ്ഥ യോഗത്തില്‍ ചര്‍ച്ചയായത്.
പുനർലേലം നടത്തുമ്പോഴുണ്ടാവുന്ന കാലതാമസം കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടാക്കുമോ എന്ന കാര്യം വിശദമായി പരിശോധിക്കും. പൂര്‍ത്തീകരിച്ച പ്രവൃത്തിയുടെ പണം ഇനിയും ലഭിക്കാനുണ്ടെന്ന് കരാറുകാര്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, കൃത്യമായി പ്രവൃത്തി നടത്താത്തതിനാലും ബില്ലുകള്‍ സമര്‍പ്പിക്കാത്തതിനാലുമാണ് പണം നല്‍കാത്തതെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം. പുലാമന്തോള്‍ മുതല്‍ മൂന്നു കിലോമീറ്റര്‍ തിങ്കളാഴ്ച ടാറിങ് പ്രവൃത്തി ആരംഭിക്കണമെന്ന് കരാറുകാര്‍ക്ക് എം.എൽ.എ കര്‍ശന നിർദേശം നല്‍കി.
ഇതോടൊപ്പം കുടിവെള്ള പൈപ്പ് സ്ഥാപിക്കാനും ബി.സി വര്‍ക്കുകള്‍ ആരംഭിക്കാനും നടപടി സ്വീകരിക്കും. യോഗത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.പി കണ്‍സൽട്ടന്റ് ജോസഫ് മാത്യു, അസി. എൻജിനീയര്‍ കെ.എം. മനോജ്, കരാറുകാരായ റുത്വിന്‍ റെഡ്ഡി, ജി. കാര്‍ത്തിക് എന്നിവരും പങ്കെടുത്തു.
പെരിന്തൽമണ്ണ: നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും നിത്യേന സഞ്ചരിക്കുന്ന നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ നിർമാണത്തിന്റെ പേരിൽ റോഡ് പൊളിച്ചിട്ടത് മുതൽ ജനം ദുരിതത്തിൽ. 2020 സെപ്റ്റംബർ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നടത്തിയ റോഡിന്റെ പണി തുടങ്ങാൻ നാട്ടുകാർക്ക് കരാർ കമ്പനിയുടെ സൈറ്റ് ഓഫിസിൽ കയറി സമരം ചെയ്യേണ്ടിവന്നു. ഒന്നരവർഷം കൊണ്ട് പ്രവൃത്തി തീർക്കാൻ അശാസ്ത്രീയമായി പലയിടത്തും പൊളിച്ചിട്ടതോടെ ഗതാഗതം താറുമാറായി. കുടിവെള്ള പൈപ്പുകൾ പൊട്ടി മാസങ്ങളോളം നഗരത്തിൽ ജലവിതരണവും മുടങ്ങി.
ഇത്രയൊക്കെയായിട്ടും ജനപ്രതിനിധികൾക്ക് ഇത് മുഖ്യവിഷയമായിരുന്നില്ല. റോഡ് പണി തീരുമ്പോൾ തീരട്ടെ എന്ന നിലപാടിലായിരുന്നു. ആറു മാസമായി ഒരു പ്രവൃത്തിയും നടന്നില്ല. എന്നിട്ടും കെ.എസ്.ടി.പി എൻജിനീയർമാരോ മരാമത്ത് വകുപ്പോ നടപടി എടുത്തില്ല. 139 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന റോഡ് പുനരുദ്ധാരണ പദ്ധതി ഇനിയെന്ന് പൂർത്തിയാവുമെന്ന് ഒരു നിശ്ചയവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.