മേലാറ്റൂർ: വിദേശത്ത് മാത്രം വിളയുന്ന പഴവർഗങ്ങൾ നമ്മുടെ നാട്ടിലും നിറഞ്ഞുകായ്ക്കുമെന്ന് തെളിയിക്കുകയാണ് മുഹമ്മദ് അഷ്റഫും തൊഴിലാളികളും. 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തോട്ടത്തിൽ വിദേശികളും സ്വദേശികളുമായ നൂറിലേറെ ഇനം പഴച്ചെടികൾ നട്ടുവളർത്തി ആദ്യഘട്ട വിളവെടുപ്പ് നടത്തിയിരിക്കുകയാണിവർ. മഞ്ചേരിയിലെ ഹോൾസെയിൽ പഴ വ്യാപാരിയായ ചെരണി സ്വദേശി ബാപ്പുട്ടി എന്ന കെ.സി. മുഹമ്മദ് അഷ്റഫാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് വിപണനം നടത്തുന്ന പഴങ്ങളും തൈകളും നാട്ടിൽതന്നെ ഉൽപാദിപ്പിക്കുകയെന്ന ആശയത്തിലെത്തിയത്.
ഇതിനായി തെങ്ങിൻതോപ്പ് വാങ്ങി രണ്ടുവർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ തെങ്ങിന് ഇടവിളകൃഷി തുടങ്ങി. പിന്നീട് മറ്റിടങ്ങളിലേക്കും കൃഷി വ്യാപിപ്പിച്ചു. ആദ്യഘട്ട വിളവെടുപ്പിൽ ഒരു ടണ്ണിലേറെ പഴവർഗങ്ങളാണ് വിളവെടുത്തത്. എടപ്പറ്റ പൊട്ടിയോടത്താലിൽനിന്ന് തുവ്വൂർ റോഡിലാണ് ആകർഷകമായ പഴത്തോട്ടം. വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെ മികച്ച കാർഷിക സർവകലാശാലകളിൽനിന്നുമാണ് തൈകളെത്തിച്ചത്.
വിദേശികളായ ഡ്രാഗൺ ഫ്രൂട്ട്, ദുരിയൻ, മരമുന്തിരി (ജബോട്ടിക്കബാ), മങ്കോസ്റ്റിൻ, ഈന്തപ്പഴം, തായ്ലൻഡ് ചാമ്പ, ഇലന്തപ്പഴം, ലബനീസ് ലെമൺ, ബിരുമ്പി, വെസ്റ്റ് ഇന്ത്യൻ ചെറി, പീനട്ട് ബട്ടർ, പിയർ ആപ്പിൾ, നെല്ലികൾ, ഉറുമാമ്പഴം തുടങ്ങിയ വിദേശ പഴങ്ങളുണ്ട്. 80 ഇനങ്ങളിലായി 1200ഒാളം മാവുകൾ, 15 ഇനം പ്ലാവുകൾ, 10 ഇനം പേരക്ക തുടങ്ങിയ പത്തിലധികം നാടൻപഴങ്ങളും കൃഷി ചെയ്യുന്നു. ഡ്രാഗൺ ഫ്രൂട്ടിെൻറ 500 ചെടികളിൽനിന്ന് തുടക്കത്തിൽത്തന്നെ 2000 കിലോയിലധികമാണ് വിളവെടുത്തത്.
ഇലന്തപ്പഴത്തിെൻറ 100 ചെടികളിൽനിന്ന് 500 കിലോയിലധികം വിളവെടുത്തു. 10,000ത്തിലധികം സീഡ്ലസ് ലെമൺ തൈകളുൾപ്പെടെ പലവിധം തൈകൾ ഫാമിലുണ്ട്. ഗുജറാത്ത് കച്ചിൽനിന്നെത്തിച്ച 120 ഇൗന്തപ്പനകൾ 2023ൽ കായ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് തോട്ടം സജ്ജീകരിച്ച ഡി. ഷിജു പറഞ്ഞു.
ആനക്കയം കാർഷിക ഗവേഷണകേന്ദ്രത്തിലെ ഉൽപാദനമേഖലയിൽ 10 വർഷത്തോളം ജോലി ചെയ്ത ഷിജുവാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്.
കൃഷി വകുപ്പിെൻറ സഹകരണവുമുണ്ട്. കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്കായി കർഷക ട്രെയിനിങ് സെൻറർ തുടങ്ങാനുള്ള ഒരുക്കത്തിലാണിവർ. ദിനേന 20ഒാളം പേർ ജോലിക്കാരുള്ള തോട്ടത്തിൽ തൈകൾ ബഡ് ചെയ്യുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.