മേലാറ്റൂർ: കോവിഡ് വാക്സിൻ വിതരണത്തിൽ മുൻഗണന ലഭിക്കാതായതോടെ മേലാറ്റൂരിലെ 108 വ്യാപാരികൾ പണമടച്ച് കുത്തിവെപ്പെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റിെൻറ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 750 രൂപ അടച്ചാണ് വ്യാപാര സ്ഥാപന ഉടമകളും ജീവനക്കാരും ഒന്നാം ഡോസ് വാക്സിനെടുത്തത്. ഇ.എം.എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ചാണ് ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചക്ക് രണ്ടുവരെ വ്യാപാര ഭവനിൽ വാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചത്.
മേലാറ്റൂരിൽ 310 വ്യാപാര സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്രയും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതര സംഘടനകളിൽ രജിസ്റ്റർ ചെയ്ത വ്യാപാരികളും രജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരുമടക്കം ആയിരത്തോളം പേർ ഇനിയും കുത്തിവെപ്പെടുക്കാനുണ്ട്.
വ്യാപാരികളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർക്ക് നിവേദനം നൽകിയിട്ടും പരിഗണിക്കുന്നില്ലെന്നും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ ഒരു ഡോസ് വാക്സിനെങ്കിലും എടുക്കണമെന്ന നിർദേശം കർശനമാക്കുന്നതിനാലാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്നും കെ.വി.വി.ഇ.എസ് യൂനിറ്റ് സെക്രട്ടറി എൻ. മുഹമ്മദ് ഹനീഫ പറഞ്ഞു. യൂനിറ്റ് പ്രസിഡൻറ് എം.എ. സനൂജ് ബാബു, ട്രഷറർ കെ.പി. ദിനേശ്, യൂത്ത് വിങ് ജില്ല സെക്രട്ടറി സി.ടി. മമ്മദ്, മുഹമ്മദ് ഷാഫി ഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.