മലപ്പുറം: മലയോര പാത നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കാന്‍ പരിശോധന തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രവൃത്തിയുടെ പുരോഗതി അതത് സമയം പരിശോധിക്കും. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കൂട്ടായ ശ്രമമുണ്ടാവണമെന്നും മന്ത്രി അഭ്യർഥിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര പാത വികസനത്തിന്റെ പുരോഗതി വിലയിരുത്താൻ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്തലം വരെ നിര്‍മാണ പ്രവൃത്തി പുരോഗതി പരിശോധിക്കാന്‍ എം.എല്‍.എമാര്‍ മുന്‍കൈയെടുക്കും. മലപ്പുറം ജില്ലയില്‍ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭ മണ്ഡലങ്ങളിലൂടെ മൂന്നു റീച്ചുകളിലായി 52.51 കിലോമീറ്ററിലാണ് മലയോര പാത കടന്നുപോകുന്നത്.
മൂന്നു റീച്ചുകളുടെയും ഡി.പി.ആര് പൂര്‍ത്തിയായി. 41.51 കിലോമീറ്റര്‍ പ്രവൃത്തിയുടെ ധനാനുമതിയും 8.70 കിലോമീറ്റര്‍ പ്രവൃത്തിയുടെ സാങ്കേതികാനുമതിയും ലഭിച്ചു. 8.70 കിലോമീറ്റര്‍ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി കരാറായി. 3500 കോടി രൂപ ചെലവഴിച്ച് കാസര്‍കോട് നന്ദരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ നീളത്തിലാണ് മലയോര പാത നിര്‍മിക്കുന്നത്. യോഗത്തില്‍ എം.എല്‍.എമാരായ ഡോ. എം.കെ. മുനീര്‍, എ.പി. അനില്‍കുമാര്‍, ലിന്റോ ജോസഫ്, പി.കെ. ബഷീര്‍, സച്ചിന്‍ദേവ്, മലപ്പുറം കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, കോഴിക്കോട് കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാര്‍, ജോയന്റ് സെക്രട്ടറി എസ്. സാംബശിവറാവു, ഇരു ജില്ലകളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.