മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ടെർമിനൽ നിർമാണപ്രവൃത്തി വീണ്ടും പ്രതിസന്ധിയിൽ. കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായേശഷം എടുത്ത തീരുമാനമാണ് എം.എൽ.എ ഫണ്ടിലുള്ള 1,99,50,000 രൂപയുടെ കോടിയുടെ പ്രവൃത്തി അനിശ്ചിതത്വത്തിലാക്കിയത്. കെ.എസ്.ആർ.ടി.സി എൻജിനീയറിങ് വിഭാഗം മുഖേന ടെൻഡർ ചെയ്ത് കരാറുറപ്പിച്ച പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടം പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കാനുള്ള മന്ത്രിയുടെ ഏകപക്ഷീയ തീരുമാനമാണ് നിർമാണം പ്രതിസന്ധിയിലാക്കിയത്. ഗണേഷ് കുമാർ അധികാരമേറ്റയുടൻ കെ.എസ്.ആർ.ടി.സിയുടെ എൻജിനീയറിങ് വിങ്ങിന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മലപ്പുറം ടെർമിനൽ പ്രവൃത്തി പി.ഡബ്ല്യു.ഡി മുഖേന ചെയ്താൽ മതിയെന്നായിരുന്നു മന്ത്രിയുടെ നിർദേശം.
പ്രവൃത്തിയുടെ മേൽനോട്ടം കെ.എസ്.ആർ.ടി.സി എൻജിനീയറിങ് വിങ്ങിൽതന്നെ നിലനിർത്തണമെന്ന് പി. ഉബൈദുല്ല എം.എൽ.എ ആവശ്യപ്പെട്ടെങ്കിലും മന്ത്രി തീരുമാനം മാറ്റാൻ കൂട്ടാക്കിയില്ല. പ്രവൃത്തിയുടെ സൂപ്പർവിഷന് പി.ഡബ്ല്യു.ഡിക്ക് 20 ശതമാനം സെന്റേജ് നൽകണം. ഇത്രയും വലിയ തുക നൽകുന്നതിനോട് എം.എൽ.എക്ക് യോജിപ്പില്ല. പി.ഡബ്ല്യു.ഡി സൂപ്പർവിഷൻ ചുമതല ഏറ്റെടുത്താൽ നിലവിലുള്ള ടെൻഡർ റദ്ദാക്കും. വീണ്ടും എസ്റ്റിമേറ്റെടുത്ത് ടെൻഡർ ചെയ്യുന്നതാണ് പി.ഡബ്ല്യു.ഡിയുടെ രീതി. ഇത് പ്രവൃത്തി അനിശ്ചിതമായി വൈകാൻ കാരണമാകുമെന്ന ആശങ്ക ശക്തമാണ്.
നിലവിലുള്ള ടെൻഡർ റദ്ദാക്കാതെതന്നെ, മേൽനോട്ട ചുമതല പി.ഡബ്ല്യു.ഡി നടത്തട്ടെയെന്ന നിലപാടാണ് മന്ത്രി ഗണേഷ് കുമാറിന്. ഇതിന് പൊതുമരാമത്ത് മന്ത്രിയുമായി സംസാരിക്കാമെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നെങ്കിലും ഈ കൂടിക്കാഴ്ച നടന്നിട്ടില്ല. മറ്റൊരു ഏജൻസി ടെൻഡർ ചെയ്ത പ്രവൃത്തിയുെട സൂപ്പർവിഷൻ ഏറ്റെടുക്കാൻ പി.ഡബ്ല്യു.ഡി എൻജിനീയർമാർ സാധാരണ തയാറാകാറില്ല. ഇതിനാൽ മന്ത്രിതല കൂടിക്കാഴ്ച നടന്നാലും അനുകൂല തീരുമാനം ഉണ്ടാകാൻ സാധ്യത കുറവാണ്. എട്ടു വർഷമായി ഇഴയുന്ന, ടെർമിനലിന്റെ നിർമാണം പൂർത്തീകരിക്കുന്നതിനാണ് 2021-22ൽ എം.എൽ.എ ഫണ്ട് അനുവദിച്ചത്. ടെർമിനലിന്റെ ടൈലിങ്, ശുചിമുറി, യാത്രക്കാർക്കുള്ള ഇരിപ്പിടം, സ്റ്റെയർകേസ് റൂഫിങ്, പഴയ കെട്ടിടങ്ങളുടെ പൊളിക്കൽ, യാർഡിൽ കട്ടപതിക്കൽ, സംരക്ഷണ ഭിത്തി നിർമാണം തുടങ്ങിയ പണികളാണ് ബാക്കിയുള്ളത്. ടെർമിനലിന്റെ പണി പാതിവഴിയിൽ കിടക്കുന്നതിനാൽ യാത്രക്കാർ നന്നേ ക്ലേശിക്കുകയാണ്. ഇരിക്കാനുള്ള സൗകര്യംപോലും ഡിപ്പോയിലില്ല. ശരിയായ ശുചിമുറികളില്ല. യാർഡ് പൊട്ടിപ്പൊളിഞ്ഞ് പൊടിയിൽ മുങ്ങിക്കിടക്കുകയാണ്.
മലപ്പുറം: എം.എൽ.എ ഫണ്ടിലുള്ള പ്രവൃത്തി നേരത്തെ ഒരു വർഷത്തോളം വൈകാൻ കാരണമായത് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനെ (കെ-റെയിൽ) പ്രവൃത്തിയുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായി (പി.എം.സി) നിയമിച്ചതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ. സർക്കാറിന്റെ അക്രഡിറ്റഡ് ഏജൻസിയല്ലാത്ത, കെ-റെയിലിനെ പ്രവൃത്തിയുടെ ചുമതല ഏൽപ്പിച്ച കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് തീരുമാനമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 2022 ഡിസംബർ 24ന് കെ.എസ്.ആർ.ടി.സി ഒപ്പിട്ട കരാർ പ്രകാരമാണ് കെ-റെയിലിലെ പ്രവൃത്തിയുടെ പി.എം.സിയായി നിയമിച്ചത്. കെ-റെയിൽ മുഖേന ഉറപ്പിച്ച ടെൻഡർ, കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസ് ഇടപെട്ട് പിന്നീട് റദ്ദാക്കുകയായിരുന്നു.
മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ടെർമിനൽ പ്രവൃത്തിയിലെ അനിശ്ചിതത്വം നീക്കാൻ മേയ് ഏഴിന് തിരുവനന്തപുരത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തുമെന്ന് പി. ഉബൈദുല്ല എം.എൽ.എ അറിയിച്ചു. പ്രവൃത്തിക്ക്, 20 ശതമാനം സെന്റേജ് നൽകുന്നതിനോട് യോജിപ്പില്ലെന്ന് എം.എൽ.എ പറഞ്ഞു. കെ.എസ്.ആർ.ടി.സി നേരിട്ടു നടത്തുമ്പോൾ ഇതുപാലുള്ള സർവിസ് ചാർജ്ജുകളൊന്നുമില്ല. എല്ലാ നടപടിക്രമവും പൂർത്തിയാക്കി കരാറുകാരന് സൈറ്റ് കൈമാറിയശേഷമാണ് മേൽനോട്ടച്ചുമതല പി.ഡബ്ല്യു.ഡിക്ക് കൈമാറുന്നത്. നിലവിലെ ടെൻഡർ റദ്ദുചെയ്യുന്നത്, പ്രവൃത്തി അനന്തമായി വൈകാൻ കാരണമാകും -എം.എൽ.എ പറഞ്ഞു.
മലപ്പുറം: മന്ത്രി ആന്റണി രാജു മാറിയതോടെ മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ കോമ്പൗണ്ടിലെ ശുചിമുറിയിലേക്ക് പൊതുജനങ്ങൾക്ക് അനുവദിച്ച വഴിയിലെ ഗേറ്റ് അധികൃതർ പൂട്ടി. എം.എൽ.എ ഫണ്ടിൽ പൊതുജനങ്ങൾക്ക് വേണ്ടി നിർമിച്ച ശുചിമുറി ഡിപ്പോയുടെ ഒരറ്റത്തായിരുന്നു. യാത്രക്കാർക്ക് ഗ്യാരേജ് കടന്ന് ഇവിടേക്ക് എത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. പി. ഉബൈദുല്ല എം.എൽ.എയുടെ അഭ്യർഥന പ്രകാരം മന്ത്രി ആന്റണി രാജുവാണ്, മഞ്ചേരി റോഡിൽനിന്നും ടോയ്ലെറ്റ് കോംപ്ലക്സിലേക്ക് വഴിയിട്ടത്. യാത്രക്കാർക്ക് ശുചിമുറി ഉപയോഗിക്കാൻ പകൽ ഇത് തുറന്നിട്ടിരുന്നു. മന്ത്രി മാറിയതോടെ ഗേറ്റ് തുറക്കാതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.