മലപ്പുറം: ഫലസ്തീൻ പ്രശ്നത്തിൽ കേന്ദ്ര സർക്കാറിന്റേത് രാജ്യത്തിന്റെ പാരമ്പര്യം മറന്നുള്ള നിലപാടാണെന്ന് കെ. മുരളീധരൻ എം.പി. ഡി.സി.സി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷവുമായി കൂടിയാലോചിക്കുകപോലും ചെയ്യാതെ ഏകപക്ഷീയമായി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുകയാണ് നരേന്ദ്ര മോദി ചെയ്തത്. യുദ്ധം നിർത്തണമെന്ന പ്രമേയം യു.എന്നിൽ വന്നപ്പോൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നുകൊണ്ട് മോദി വീണ്ടും അപഹാസ്യനായി. നെഹ്റു മുതലുള്ള ഭരണകർത്താക്കൾ ഉയർത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളാണ് ബി.ജെ.പി സർക്കാർ കാറ്റിൽ പറത്തിയത്.
ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് അന്താരാഷ്ട്ര യുദ്ധനിയമം കാറ്റിൽപറത്തിയുള്ള നരനായാട്ടാണെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് അന്നും ഇന്നും ഫലസ്തീനൊപ്പമാണ്. ഇസ്രായേലിനെ അനുകൂലിച്ച കോൺഗ്രസ് നേതാക്കളെ പാർട്ടി തിരുത്തിയപ്പോൾ സി.പി.എം ഷൈലജ ടീച്ചറെ തിരുത്താൻ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആലിപ്പെറ്റ ജമീല, ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി മുൻ പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, അഡ്വ. ഫാത്തിമ റോഷ്ന, വി. ബാബുരാജ്, കെ.പി. അബ്ദുൽ മജീദ്, കെ.പി. നൗഷാദലി, സെയ്തു മുഹമ്മദ് തങ്ങൾ, എം.എൻ. കുഞ്ഞുമുഹമ്മദ് ഹാജി എന്നിവർ പങ്കെടുത്തു.
മലപ്പുറം: ഡി.സി.സി മലപ്പുറം ടൗൺ ഹാൾ പരിസരത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യം മഴയിൽ കുതിർന്നു. ഉദ്ഘാടകനായ കെ. മുരളീധരൻ എം.പി പ്രസംഗം തുടങ്ങുമ്പോഴാണ് മഴ തിമിർത്തുപെയ്തത്. മഴയിൽനിന്നുകൊണ്ടുതന്നെ മുരളീധരൻ പ്രസംഗം തുടർന്നു. വേദിയിലുള്ള നേതാക്കളും മഴ നനഞ്ഞു. പരിപാടി തീരുന്നതുവരെ മഴയായിരുന്നു. മഴ കൊള്ളാതിരിക്കാൻ കസേരകൾ ഉയർത്തിപ്പിടിച്ചും സമീപത്തെ ടൗൺ ഹാൾ വരാന്തയിൽ കയറിനിന്നുമാണ് പ്രവർത്തകർ പരിപാടി ശ്രവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.