മലപ്പുറം: മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ഭാരവാഹികളെ ബുധനാഴ്ച തെരഞ്ഞെടുക്കും. വൈകീട്ട് മൂന്നിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ല കൗൺസിൽ യോഗത്തിലാണ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ് പദവിയിൽ അബ്ബാസലി ശിഹാബ് തങ്ങൾ തുടരും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരു വരുമെന്നത് സംബന്ധിച്ച് അവസാന ചിത്രം ഇനിയുമായിട്ടില്ല. മുൻ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം എന്നിവരുടെ പേരുകളാണ് അവസാന ഘട്ടത്തിൽ ഉയർന്നുനിൽക്കുന്നത്. മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണി, യു.ഡി.എഫ് ജില്ല കൺവീനർ അഷ്റഫ് കോക്കൂർ തുടങ്ങിയവരുടെ പേരുകളും പറയുന്നുണ്ട്.
അതേസമയം, അപ്രതീക്ഷിതമായി ഇതിലൊന്നുമുൾപ്പെടാത്തയാൾ വരാനും സാധ്യതയുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരും ജില്ലയിൽ നിന്നുള്ളവരായതിനാൽ ജില്ല കമ്മിറ്റിയിലോ സംസ്ഥാന കമ്മിറ്റിയിലോ ഉൾപ്പെടുത്തേണ്ട സാഹചര്യമുണ്ട്. കൂടാതെ ജില്ല പ്രസിഡന്റ് അബ്ബാസലി തങ്ങൾക്ക് മികച്ച പിന്തുണ നൽകാൻ കഴിയുന്ന ആൾ ഭാരവാഹിയാകണമെന്നതും നേതൃത്വത്തിന്റെ താൽപര്യമാണ്. ഈ പരിഗണനകളെല്ലാം മുന്നിൽ വെച്ചായിരിക്കും തെരഞ്ഞെടുപ്പ്. ജില്ല കൗൺസിലിന് മുന്നോടിയായി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്ന മൂന്നംഗ സമിതിയും ലീഗ് ഉന്നതാധികാര സമിതി അംഗങ്ങളും രാവിലെ യോഗം ചേർന്ന് അവസാനവട്ട ധാരണയിലെത്തും.
തുടർന്ന് മണ്ഡലം ഭാരവാഹികളുമായി ആശയ വിനിമയം നടത്തിയ ശേഷമാകും ഭാരവാഹി പാനലുണ്ടാക്കുക. ഒരാൾക്ക് ഒരുപദവി നിബന്ധന മണ്ഡലതലം വരെ കർശനമായി നടപ്പാക്കിയ സാഹചര്യത്തിൽ ജില്ല ഭാരവാഹി തെരഞ്ഞെടുപ്പിൽ ഇത് പാലിക്കാതിരിക്കുന്നത് അണികളുടെ അതൃപ്തിക്കിടയാക്കുമെന്നതിനാൽ ഇക്കാര്യത്തിൽ സൂക്ഷ്മത പാലിക്കാനാണ് തീരുമാനം.
മലപ്പുറം മണ്ഡലത്തിൽനിന്ന് അബ്ബാസലി തങ്ങൾക്ക് പുറമെ നൗഷാദ് മണ്ണിശ്ശേരിയും ഭാരവാഹിയായി തുടർന്നേക്കും. ട്രഷറർ പദവിയിൽ ഉമർ അറക്കലിന് സാധ്യതയുണ്ട്. ഇദ്ദേഹത്തിന് പുറമെ മങ്കട മണ്ഡലത്തിൽനിന്ന് സി.പി. സൈതലവിയും ഭാരവാഹിയായേക്കും. എല്ലാ മണ്ഡലത്തിൽനിന്നു ഭാരവാഹികളുണ്ടാകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും വണ്ടൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് സാധ്യത കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.