മലപ്പുറം: സംസ്ഥാനത്ത് വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ക്ക് ആനുകൂല്യം പുനഃസ്ഥാപിക്കാൻ ഒരവസരം കൂടി നല്കി മസ്റ്ററിങ് തുടങ്ങി. പെൻഷൻ മുടങ്ങിയ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ്ങിന് ഫെബ്രുവരി 20 വരെയാണ് സർക്കാർ അവസരം നൽകിയിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് പെൻഷൻ മുടങ്ങി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കൾ പ്രതീക്ഷയിലാണ്. വിവിധ സമൂഹിക സുരക്ഷ പെന്ഷന് കൈപ്പറ്റുന്ന 1,97,018 പേരും കര്‍ഷക പെന്ഷന് വാങ്ങുന്ന 20,018 പേരും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ വാങ്ങുന്ന ഒരുലക്ഷത്തിലധികവും ഉള്‍പ്പെടെ മൂന്നേകാല്‍ ലക്ഷം ഗുണഭോക്തക്കളാണ് വീണ്ടും പെന്ഷന് ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിലുള്ളത്. അതേസമയം, പുതിയ മസ്റ്ററിങ് തുടങ്ങിയ ആദ്യ ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിൽ സാങ്കേതിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ പലയിടത്തും ഗുണഭോക്താക്കൾ മടങ്ങിപ്പോകേണ്ടി വന്നു.
ചിലരുടെ വിവരങ്ങൾ ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ ലഭ്യമാകാത്തതും അപേക്ഷകളുടെ വേഗത കുറവും പലരെയും ബുദ്ധിമുട്ടിലാക്കി. കിടപ്പുരോഗികൾക്ക് തദ്ദേശ സെക്രട്ടറിയെയോ ബന്ധപ്പെട്ട ബോർഡ് ഉദ്യോഗസ്ഥരെയോ അറിയിച്ചാൽ വീട്ടിൽ സൗകര്യം ലഭ്യമാക്കും.
ബയോമെട്രിക് മസ്റ്ററിങ് ചെയ്യാൻ കഴിയാത്തവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകി നടപടി പൂർത്തിയാക്കാം. ആദ്യഘട്ടത്തില്‍ മസ്റ്ററിങ് നടത്തിയവരും 2019 ഡിസംബര്‍ 31ന് ശേഷം പെന്ഷന് അനുവദിക്കപ്പെട്ട് നിലവില്‍ പെന്ഷന് വാങ്ങുന്നവരും ഈ പ്രത്യേക അവസരത്തില്‍ മസ്റ്ററിങ് ചെയ്യേണ്ടതില്ല.
മുടങ്ങിക്കിടക്കുന്നത് 30 മാസത്തെ പെന്ഷന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി നടപ്പാക്കുന്ന അഞ്ചിനം സമൂഹിക സുരക്ഷ പെന്‍ഷനുകള്‍, സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന കര്‍ഷകര്‍ക്കുള്ള പെന്ഷന്, തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ വിതരണം ചെയ്യുന്ന വിവിധ പെന്‍ഷനുകള്‍ എന്നിവയുടെ ഗുണഭോക്താക്കളുടെ ജീവന്രേഖയായിട്ടാണ് രണ്ടു വര്‍ഷം മുമ്പ് മസ്റ്ററിങ് നടപ്പാക്കിയത്.
വിവിധ കാരണങ്ങളാല്‍ അന്ന് മസ്റ്ററിങ് പൂര്ത്തീകരിക്കാനാവാത്തവരുടെ 2019 ആഗസ്റ്റ് മുതല്‍ 2022 ജനുവരി വരെ 30 മാസത്തെ പെന്ഷന് വിതരണം ചെയ്യാനായിട്ടില്ല. പെന്ഷന് വിതരണത്തിന് ജീവന്രേഖയായി മസ്റ്ററിങ് പൂര്‍ത്തീകരിക്കേണ്ടത് നിര്‍ബന്ധമാണെന്നതിനാല്‍ ഇവര്‍ക്ക് അവസരം നൽകാനാണ് ഫെബ്രുവരി ഒന്ന് മുതല്‍ 20 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് വീണ്ടും നടപ്പാക്കുന്നത്. നടപടി പൂർത്തിയായാൽ അടുത്ത ഗഡു പെന്ഷന് വിതരണത്തില്‍ മൂന്നേക്കാല്‍ ലക്ഷം പേര്‍ക്കുകൂടി അധികമായി ക്ഷേമപെന്ഷന് സര്‍ക്കാര്‍ നല്‍കേണ്ടിവരും.
വിവിധ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നവരുടെയും തടഞ്ഞുവെച്ചവരുടെയും വിവരങ്ങള്‍
പെന്ഷന് ഇനം, ലഭിക്കുന്നവർ, തടഞ്ഞവര്‍
(യഥാക്രമം താഴെ)
• വയോജന പെന്ഷന്: 26,81,261 --1,12,191
• വിധവ: 13,39,589 --40,558
• കര്‍ഷക തൊഴിലാളി: 3,99,244--26,669
• കർഷകർക്കുള്ള (ഉടമ): 2,50,095--20,018
• ഭിന്നശേഷി: 3,96,745 --15,180
• അവിവാഹിത പെന്ഷന്: 84,819 --2420
(ഇതുകൂടാതെ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍
വിതരണം ചെയ്യുന്ന ലക്ഷത്തിലധികം പേരുടെ
പെന്‍ഷനും തടഞ്ഞുവെച്ചിട്ടുണ്ട്)മസ്റ്ററിങ് 'അക്ഷയ' കേന്ദ്രങ്ങള്‍ കൃത്യതയോടെ നടപ്പാക്കും -ഐ.ടി യൂനിയന്‍
മലപ്പുറം: വളരെ വിശ്വസ്തതയോടെ നടപ്പാക്കേണ്ട പ്രവൃത്തിയായതിനാല്‍ സംസ്ഥാനത്തെ മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാണ് രണ്ടാംഘട്ട മസ്റ്ററിങ്ങിനും സൗകര്യമൊരുക്കിയിട്ടുള്ളത്. ആധാര്‍ കാര്‍ഡും മറ്റു ലഭ്യമായ പെന്ഷന് വിവരങ്ങളും സഹിതം ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിങ് പൂര്‍ത്തീകരിക്കേണ്ടത്. ഈ പ്രക്രിയ അക്ഷയ സംരംഭകര്‍ കൃത്യതയോടെ അപേക്ഷിക്കാനുള്ള സഹായമൊരുക്കുമെന്ന് സ്റ്റേറ്റ് ഐ.ടി എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.പി. അബ്ദുല്‍ നാസര്‍ കോഡൂര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.