കൽപാത്തിപ്പെരുമ

കേരളത്തി​ൻെറ സാംസ്​കാരിക വൈവിധ്യം സമ്പന്നമാക്കുന്നതിൽ പാലക്കാട്​ ജില്ലയുടെ പങ്ക്​ എടുത്തുപറയേണ്ടതാണ്​. ആ ഗരിമക്ക്​ ഉൗറ്റമേകുന്ന തൂണുകളിലൊന്ന്​ തീർച്ചയായും കൽപാത്തിയെന്ന അഗ്രഹാരഗ്രാമത്തിലാണ്​. അറുന്നൂറാണ്ടുകളുടെ പഴക്കമുള്ള സംസ്​കാരവും പൈതൃകവും പേറുന്ന ഈ തമിഴ് കുടിയേറ്റ ഗ്രാമം കർണാട്ടിക് സംഗീതത്തി‍ൻെറ കേന്ദ്രമെന്ന നിലയിലാണ് ഏറെ പ്രസിദ്ധം. മാല കൊരുത്തതുപോലുള്ള വീടുകൾ, ശിവസ്​തോത്രങ്ങളും വേദമന്ത്രങ്ങളും വെങ്കിടേശ സുപ്രഭാതവും കേട്ടുണരുന്ന അഗ്രഹാര വീഥികൾ, ഉമ്മറക്കോലായിൽ അരിമാവിൽ വിരിഞ്ഞ കോലങ്ങൾ വരവേൽക്കുന്ന പ്രഭാതങ്ങൾ, നെയ്​മണം നിറയുന്ന മധുരപലഹാരങ്ങൾ മുതൽ ഇഡലിയും സാമ്പാറും വരെ തമിഴ്​ പോലെ ഇമ്പമേറിയ രുചികൾ. കൽപാത്തിയുടെ തലമുറകൾ കൈമാറി വരുന്ന തന്മയത്വങ്ങൾ. 14ാം നൂറ്റാണ്ടിലാണ് കൽപാത്തിയുടെ ചരിത്രം ആരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്ത് മായാവാരത്തുനിന്നാണ് ബ്രാഹ്മണ സമൂഹം പാലക്കാട്ടേക്ക് കുടിയേറുന്നത്. പാലക്കാട്ട് രാജാവായ കോമിയച്ചൻ ക്ഷേത്ര പൂജകൾക്കായി കൊണ്ടുവന്നതാണെന്നും പാണ്ഡ്യരാജാവായിരുന്ന മാരവർമ കുലശേഖര​യുടെ മരണത്തെ തുടർന്നുണ്ടായ സംഘർഷങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ രക്ഷതേടി ചുരം താണ്ടി വന്നതാണെന്നും ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായമുണ്ട്​. കരിങ്കൽപാത്തികൾക്ക്​ ഇടയിലൂടൊഴുകുന്ന പുഴ കൽപാത്തിയായപ്പോൾ കരയിൽ വേരൂന്നിയ ഗ്രാമത്തിൽ നിന്ന്​ സംഗീതത്തിലും സാഹിത്യത്തിലും ബ്യൂറോക്രസിയിലും ശാസ്ത്ര -ഗവേഷണ രംഗത്തും നീതിന്യായ വ്യവസ്ഥിതിയിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങളുണ്ടായി. സി.എസ്. കൃഷ്ണയ്യർ, എം.ഡി. രാമനാഥൻ, മൃദംഗം മണി അയ്യർ, കെ.വി. നാരായണ സ്വാമി, പരമേശ്വര രാമ ഭാഗവതർ, മുണ്ടായ രാമ ഭാഗവതർ, ദേശമംഗലം രാമനാരായണ അയ്യർ, ജി.കെ. ശിവരാമൻ തുടങ്ങിയ കലാകാരന്മാരെ വളർത്തിയത് ഈ തെരുവാണ്. മലയാറ്റൂർ രാമകൃഷ്ണനും ടി.കെ. ശങ്കരനാരായണനുമടക്കം സാഹിത്യകാരന്മാർക്ക്​ കൽപാത്തിയുമായി അഭേദ്യ ബന്ധമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.