പെരുവള്ളൂർ: ആരോഗ്യവകുപ്പിന്റെ രാത്രികാല പരിശോധനയിൽ പെരുവള്ളൂരിൽ തട്ടുകടകൾക്കെതിരെയുൾപ്പെടെ നടപടി. പൊതുസ്ഥലം വൃത്തിഹീനമാക്കിയതിന് മത്സ്യസ്റ്റാളിന് എതിരെ ക്രിമിനൽ കേസ് എടുത്തു. പ്ലാസ്റ്റിക് കത്തിച്ച ഹോട്ടലിന് പിഴ ഈടാക്കാൻ ഗ്രാമപഞ്ചായത്തിന് ശിപാർശ ചെയ്തു.
കാടപ്പടിയിൽ ആരോഗ്യവകുപ്പിന്റെ നൈറ്റ് സർവൈലൻസിൽ വൈദ്യ പരിശോധന സർട്ടിഫിക്കറ്റും വാക്സിനേഷൻ രേഖകളും ഇല്ലാതെയും കുടിവെള്ള ഗുണമേന്മ പരിശോധന നടത്താതെയും മതിയായ വെളിച്ച സംവിധാനങ്ങളില്ലാതെയും പ്രവർത്തിച്ചതിനും മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞതിനും പരിസരം വൃത്തിഹീനമാക്കിയതിനും രണ്ട് തട്ടുകടകൾ നിർദേശങ്ങൾ പാലിക്കുന്നത് വരെ അടച്ചു പൂട്ടാൻ നോട്ടീസ് നൽകി. മുറിച്ച പഴങ്ങൾ വഴിയോര കച്ചവട സ്ഥാപനങ്ങളിൽ നിന്നും വാങ്ങി കഴിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നതും മഞ്ഞപ്പിത്ത ബാധക്ക് കാരണമാകുമെന്ന് പെരുവള്ളൂർ പ്രാദേശിക പൊതുജനാരോഗ്യ ഓഫിസർ ഡോ. ഫൗസിയ അറിയിച്ചു. ഇത്തരത്തിൽ കച്ചവടം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകി.
മത്സ്യ സ്റ്റാളിലെ മലിനജലം പൊതു സ്ഥലത്ത് ഒഴുക്കി വിട്ട സ്റ്റാളുടമക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദേശം നൽകി. കാടപ്പടി കെ.എഫ്.സി ഫൂഡ് കോർണർ പ്ലാസ്റ്റിക് കത്തിച്ചതിന് തുടർനടപടികൾക്കായി പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശിപാർശ ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലൈജു ഇഗ്നേഷ്യസ്, അനുശ്രീ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.