നിലമ്പൂർ: ഡ്യൂട്ടിക്കിടെ മരിച്ച വനപാലകന്റെ മൃതദേഹം ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ പൊതുദർശനത്തിന് വെക്കുന്നത് വിലക്കിയ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒക്ക് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സി.സി.എഫ്) താക്കീത്.
നടപടി വനം വകുപ്പിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചെന്നും ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സമീപനം അപലപനീയമാണെന്നും വീഴ്ച ആവർത്തിക്കരുതെന്നും ഡി.എഫ്.ഒ അശ്വിൻകുമാറിന് കിഴക്കൻ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിജയാനന്ദ് നൽകിയ കത്തിൽ പറയുന്നു.
എടവണ്ണ റേഞ്ചിന് കീഴിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തിരുവനന്തപുരം നെയ്യാറ്റിൻകര ചിരപ്പുറം സ്വദേശി എസ്. സുനിൽകുമാർ (42) ശനിയാഴ്ച മരിച്ചിരുന്നു. ഓഫിസ് മുറിയിൽ രക്തം ഛർദിച്ച നിലയിൽ മരിച്ചുകിടക്കുന്നതാണ് കണ്ടത്. കരൾരോഗത്തിന് ചികിത്സയിലായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിന് മുമ്പ് നിലമ്പൂർ നോർത്ത് ഡിവിഷൻ ആസ്ഥാനത്തിന് മുന്നിൽ പൊതുദർശനത്തിന് വെക്കാൻ ജീവനക്കാർ തീരുമാനിച്ചു.
എന്നാൽ, പൊതുദർശനം ഓഫിസിന് മുന്നിൽനിന്ന് വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റണമെന്ന് ഡി.എഫ്.ഒ നിർദേശിച്ചു. ഓഫിസിന് മുന്നിൽ തന്നെ പൊതുദർശനത്തിന് വെക്കണമെന്ന് ജീവനക്കാരുടെ സംഘടന നിർബന്ധം പിടിച്ചു. തർക്കത്തിനൊടുവിൽ ഓഫിസ് മുറ്റത്ത് തന്നെ പൊതുദർശനത്തിന് വെച്ചു.
ജീവനക്കാരുടെ സംഘടന നൽകിയ പരാതിയെതുടർന്നാണ് ഡി.എഫ്.ഒക്ക് സി.സി.എഫ് രേഖാമൂലം താക്കീത് നൽകിയത്. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സമീപനങ്ങൾ അപലപനീയവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് സി.സി.എഫ് കത്തിൽ വ്യക്തമാക്കി.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവനക്കാർ മരിക്കുന്ന ദുഃഖകരമായ സാഹചര്യങ്ങളിൽ മേലുദ്യോഗസ്ഥർ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുകയും പരേതന്റെ കുടുംബത്തിന് മാനസിക പിന്തുണ നൽകുകയും ചെയ്യണമെന്ന് കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.