നിലമ്പൂർ: നാടുകാണി ചുരം മേഖല പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിന്റെ ഭാഗമായുള്ള പ്ലാസ്റ്റിക്ക് ചെക്ക്പോസ്റ്റ് ജൂലൈ ആദ്യവാരത്തിൽ പ്രവർത്തനം തുടങ്ങും. കെ.എൻ.ജി റോഡിൽ വഴിക്കടവ് ടൗണിനും ആനമറിക്കും ഇടയിലാണ് ചെക്ക്പോസ്റ്റ് പ്രവർത്തിക്കുക.
തദ്ദേശസ്വയം ഭരണവകുപ്പ് ജില്ല അസി. ഡയറക്ടർ പി.ബി. ഷാജുവിന്റെ നേതൃത്വത്തിൽ വഴിക്കടവ് പഞ്ചായത്തിൽ ശനിയാഴ്ച ചേർന്ന വിവിധ വകുപ്പുകൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കലക്ടർ വി.ആർ. വിനോദിന്റെ നിർദേശ പ്രകാരമാണ് യോഗം ചേർന്നത്. പൊതുമരാമത്ത്, മോട്ടോർ വാഹനം, തദ്ദേശസ്വയംഭരണം, ആഭ്യന്തരം എന്നീ വകുപ്പുകളും സന്നദ്ധ സംഘടന പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
ജൂലൈ ആറിന് ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. ഒന്നാംഘട്ടത്തിൽ ഹരിതകർമ സേന അംഗങ്ങളാവും ചെക്ക്പോസ്റ്റിലുണ്ടാവുക. സനദ്ധസംഘടന പ്രവർത്തകർക്ക് സേവനമെന്ന നിലയിൽ ജോലി ചെയ്യാം.
വാഹനങ്ങൾ പരിശോധന നടത്തി പ്ലാസ്റ്റിക്ക് വസ്തുകൾ ഉണ്ടെങ്കിൽ ചെക്ക്പോസ്റ്റിൽ ശേഖരിക്കും. പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള ലഘുലേഖകൾ യാത്രക്കാർക്ക് നൽകും. നാടുകാണി ചുരത്തിൽ പാചകം, വാഹനം നിർത്തി ഭക്ഷണം കഴിക്കൽ എന്നിവ നിരോധിക്കും.
സഞ്ചാരികൾക്ക് കാഴ്ചകൾ കാണുന്നതിന് വാഹനം പാർക്ക് ചെയ്യുന്നതിന് തടസ്സമില്ല. അതെസമയം പ്ലാസ്റ്റിക്ക് വസ്തുകൾ കണ്ടെത്തിയാൽ കർശന നിയമനടപടി ഉണ്ടാവും.
മലപ്പുറം ജില്ല രജിഷ്ട്രേഷൻ അല്ലാത്ത വാഹനങ്ങളിൽനിന്നും ചെറിയ ഫീസ് ഈടാക്കുന്നതിന് ജില്ല കലക്ടർക്ക് ശിപാർശ കത്ത് നൽകുന്നതിനും യോഗത്തിൽ തീരുമാനിച്ചു. ജൈവവൈവിധ്യമേഖലയായ നാടുകാണി ചുരം മേഖല സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങളിൽ നിന്നും ഫീസ് ഈടാക്കുക.
വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ പി.ബി. ഷാജു ചെക്ക്പോസ്റ്റിന്റെ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.