നിലമ്പൂർ: പുറംലോകവുമായി ബന്ധപ്പെടാൻ ഏക ആശ്രയമായിരുന്ന മുളനിർമിത ചങ്ങാടം തകർന്നതോടെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു. വഴിക്കടവ് റേഞ്ച് ഉൾവനത്തിലെ പുഞ്ചക്കൊല്ലി, അളക്കൽ നഗറുകളിലെ കുടുംബങ്ങളാണ് ദുരിതം പേറുന്നത്. പുന്നപ്പുഴക്ക് അക്കരെയാണ് കുടുംബങ്ങളുടെ അധിവാസം. 2018ലെ പ്രളയത്തിൽ പുഴക്ക് കുറുകെ പുഞ്ചക്കൊല്ലി കടവിലുണ്ടായിരുന്ന കമ്പിപ്പാലം തകർന്നിരുന്നു. പിന്നീട് മുളകൊണ്ടുള്ള ചങ്ങാടത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പുഴ കടന്നിരുന്നത്.
കനത്ത മഴയിൽ ചങ്ങാടത്തിലൂടെ പുഴ കടക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ കഴിഞ്ഞ ചൊവ്വാഴ്ച ചങ്ങാടം തകർന്നു. തലനാരിഴക്കാണ് സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടത്. വനസംരക്ഷണ സമിതിയുടെയും പുഞ്ചക്കൊല്ലി റബർ പ്ലാന്റേഷൻ അധികൃതരുടെയും സഹായത്തോടെ കഴിഞ്ഞ വർഷം നിർമിച്ച ചങ്ങാടമാണ് തകർന്നത്. മഴ കനത്തതോടെ പുഴയിലൂടെ മഴവെള്ളപ്പാച്ചിലുണ്ട്. തകർന്ന ചങ്ങാടത്തിലൂടെ പുഴ കടക്കുന്നത് അതിസാഹസികമാണ്. സ്ത്രീകളും കുട്ടികളും രോഗബാധിതരുമൊക്കെ ചങ്ങാടത്തിലൂടെ യാത്രചെയ്യൽ ഏറെ അപകടകരമാണ്.
ജനവാസ കേന്ദ്രമായ ആനമറിയിൽനിന്ന് മൂന്നര കിലോമീറ്റർ ഉൾവനത്തിലാണ് പുഞ്ചക്കൊല്ലി നഗർ. ഇവിടെനിന്ന് 13 കിലോമീറ്റർ ഉൾക്കാട്ടിലാണ് അളക്കൽ നഗർ. രണ്ടു നഗറുകളിലുമായി ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗങ്ങളിലായി 108 കുടുംബങ്ങളുണ്ട്. അളക്കല്ലിലെ കുടുംബങ്ങൾ പോക്കുവരവ് നടത്തുന്നത് പ്ലാന്റേഷൻ കോർപറേഷന്റെ പുഞ്ചക്കൊല്ലി റബർ എസ്റ്റേറ്റിലെ മൺപാതയിലൂടെയാണ്. ജീപ്പുകൾ മാത്രമേ ഇതിലൂടെ കടന്നുപോവൂ. കനത്ത മഴയിൽ മിക്കയിടങ്ങളിലും മണ്ണിടിഞ്ഞ് റോഡ് അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം അളക്കൽ നഗറിലെ കുടുംബങ്ങളുടെ യാത്രയും വഴിമുട്ടുകയാണ്. തകർന്ന കമ്പിപ്പാലത്തിന് പകരം ജീപ്പിന് പോകാവുന്ന പാലം നിർമിക്കണമെന്ന ആവശ്യം ഇതുവരെ യാഥാർഥ്യമായിട്ടില്ല. പാലത്തിന്റെ എസ്റ്റിമേറ്റും മറ്റും സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും അംഗീകാരമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.