നിലമ്പൂര്‍: വൃക്കകൾ തകരാറിലായ മകന്റെ ചികിത്സക്ക് പണം ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ സ്വന്തം ഭൂമിയിലെ മരങ്ങള്‍ മുറിച്ചുവില്ക്കാന് അനുമതി തേടി ഭിന്നശേഷിക്കാരന് ഗോപി താലൂക്ക് അദാലത്തിലെത്തി. പോത്തുകല്‍ പഞ്ചായത്തിലെ വാളംകൊല്ലി മലാംകുണ്ട് സ്വദേശി ചരുകുള പുത്തന്‍വീട് ഗോപിയാണ് മന്ത്രിമാരെ കണ്ട് പരിഹാരം തേടിയത്. 30 വര്‍ഷം മുമ്പ് കാട്ടുപന്നിക്ക് വെച്ച വെടികൊണ്ട് ഗോപിനാഥിന്റെ ഇടതുകാല് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.
മൂത്ത മകന് സുശീലന്റെ ചികിത്സക്കായാണ് ഗോപി തന്റെ പേരിലുള്ള മൂന്നേക്കര്‍ ഭൂമിയിലെ 65 തേക്ക് മരങ്ങളും പ്ലാവ്, മാവ് തുടങ്ങിയവയും മുറിച്ചുവില്ക്കാന് അനുമതി തേടിയത്. കാട്ടാന കയറി പല മരങ്ങളും നശിപ്പിച്ചെന്നും പ്രളയത്തില്‍ റബര്‍ കൃഷിയടക്കം നശിച്ചെന്നും മന്ത്രിയെ ബോധിപ്പിച്ചു.
വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയോ അതിര്കല്ലുകള് സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നും സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് വനാതിര്‍ത്തി നിശ്ചയിച്ചാല്‍ മാത്രമേ നിയമാനുസൃതം മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കാനാവൂവെന്നുമാണ് നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ഗോപിയെ അറിയിച്ചിരുന്നത്.
1977ല്‍ പട്ടയം ലഭിച്ചതിന്റെയും നികുതി അടക്കുന്നതിന്റെയും രേഖകള്‍ ഗോപി മന്ത്രിയെ കാണിച്ചു. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തമായി ഭൂമി പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. മകന്റെ ചികിത്സക്ക് വിവിധ പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറോടും നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.