നിലമ്പൂർ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉപതെരഞ്ഞെടുപ്പിൽ ഗോത്ര വിഭാഗം ബൂത്തിലും പോളിങ് ശതമാനം കുറഞ്ഞു. ഗോത്രവർഗ വിഭാഗത്തിന് മാത്രമായി സ്ഥാപിച്ച വഴിക്കടവ് ഉൾവനത്തിലെ പുഞ്ചക്കൊല്ലി മോഡൽ പ്രീ-പ്രൈമറി സ്കൂളിലെ 34ാം നമ്പർ ബൂത്തിലാണ് പോളിങ് കുറഞ്ഞത്. കഴിഞ്ഞ തവണ 68 ശതമാനമായിരുന്നത് ഇത്തവണ 57.27 ശതമാനമായി കുറഞ്ഞു. പുഞ്ചക്കൊല്ലി, അളക്കൽ നഗറുകളിലായി ഇത്തവണ 220 വോട്ടർമാരാണുള്ളത്.
113 പുരുഷൻമാരും 107 സ്ത്രീകളും. ഇതിൽ 126 പേരാണ് വോട്ട് ചെയ്തത്. 71 പുരുഷൻമാരും 55 സ്ത്രീകളും. അളക്കൽ നഗറിൽനിന്ന് 11 പേർ മാത്രമാണ് വോട്ട് ചെയ്തത്. ഇവിടെ 42 വോട്ടർമാരുണ്ട്. അളക്കൽ നഗറുകളിലേക്കുള്ള റോഡ് നന്നാക്കാത്തതിൽ കുടുംബങ്ങൾ ഏറെ പ്രതിഷേധത്തിലായിരുന്നു. കാൽനട പോലും സാധ്യമാവാത്ത രീതിയിൽ റോഡ് തകർന്നുകിടക്കുകയാണ്. വോട്ട് ചെയ്യാനെത്തില്ലെന്ന വാശിയിലായിരുന്നു ഇവർ. രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും ഏറെ നിർബന്ധിച്ചതോടെയാണ് കുറച്ചുപേരെങ്കിലും വോട്ട് ചെയ്യാനിറങ്ങിയത്.
2018ലെ പ്രളയത്തിൽ പുന്നപ്പുഴക്ക് കുറുകെയുള്ള കമ്പിപ്പാലം പാടെ തകർന്നിരുന്നു. ചങ്ങാടം വഴിയാണ് ഇപ്പോൾ കുടുംബങ്ങൾ പുന്നപ്പുഴ കടക്കുന്നത്. പാലം നന്നാക്കാത്തതിലും കുടുംബങ്ങൾ പ്രതിഷേധത്തിലാണ്. മുമ്പ് ഇവരുടെ പോളിങ് സ്റ്റേഷൻ നാല് കിലോമീറ്റർ ദൂരപരിധിയിൽ പൂവ്വത്തിപ്പൊയിൽ നൂറുൽ ഹുദ മദ്റസയിലായിരുന്നു. നിരന്തര ആവശ്യം പരിഗണിച്ച് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പോടെയാണ് വനവാസികൾക്കായി പുഞ്ചക്കൊല്ലിയിൽ പ്രത്യേക പോളിങ് സ്റ്റേഷൻ അനുവദിച്ചത്. ആദിമ ഗോത്രവിഭാഗക്കാരായ കാട്ടുനായ്ക്ക, ചോലനായ്ക്ക കുടുംബങ്ങളാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.