എടയൂർ: രണ്ടുവർഷത്തോളമായി പായലുകളാൽ മൂടപ്പെട്ട എടയൂർ ഒടുങ്ങാട്ടുകുളത്തെ നീന്തൽ പ്രേമികൾക്ക് വീണ്ടെടുക്കാൻ ഗ്രാസ് കാർപ് മീനുകൾ സഹായകമായി. എടയൂർ- മലപ്പുറം റോഡിനോട് ചേർന്ന് ഒരേക്കറോളം വിസ്തൃതിയുള്ള ഈ പൊതുകുളത്തിൽ നീന്താനായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി കുട്ടികൾ ഉൾപ്പെടെ ഒട്ടനവധി പേർ വരാറുണ്ടായിരുന്നു.
ഇവിടെ എത്തുന്നവരെ ആശ്രയിച്ച് കുളത്തിന് സമീപത്തായി നാല് ചെറിയ കടകളും പ്രവർത്തിച്ചിരുന്നു. കുളത്തിൽ പായലുകൾ വളർന്നതോടെ കുളത്തെ ആശ്രയിക്കുന്നവർ കുറഞ്ഞു. രണ്ടുവർഷം മുമ്പ് എടയൂർ ഗ്രാമപഞ്ചായത്ത് എട്ടുലക്ഷം രൂപ ചെലവഴിച്ച് കുളം വറ്റിച്ച് ചളിയും പായലുകളും നീക്കം ചെയ്ത് നവീകരിച്ചെങ്കിലും കാലവർഷം ആരംഭിച്ചതോടെ പായലുകളും വളർന്നു.
കഴിഞ്ഞ മേയ് മാസത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അഞ്ചുദിവസം നീണ്ടുനിന്ന ശ്രമദാനത്തിലൂടെ പായലുകൾ നീക്കം ചെയ്യുകയും മണ്ണുമാന്തി ഉപയോഗിച്ച് ചളി മാറ്റുകയും ചെയ്തെതെങ്കിലും മഴയിൽ വെള്ളം ഉയർന്നതോടെ പായലുകളും വ്യാപകമായി. കുളം വീണ്ടെടുക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ഒടുങ്ങാട്ടുകുളം ജനകീയ ശുചീകരണ കൂട്ടായ്മ രൂപവത്കരിക്കുകയും പായലുകളുടെ വളർച്ച തടയാൻ മണ്ണുത്തിയിൽ നിന്നുമുള്ള കേന്ദ്ര കള നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായം തേടുകയും ചെയ്തു.
അവരുടെ നിർദേശാനുസരണം ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി കുളത്തിൽ 500 കിലോഗ്രാം നീറ്റുകക്ക വിതറുകയും ചെയ്തെങ്കിലും പായലുകൾക്ക് ശമനമുണ്ടായില്ല. ഒടുങ്ങാട്ടുകുളം ജനകീയ ശുചീകരണ കൂട്ടായ്മ പ്രവർത്തകർ പായൽ ഭക്ഷ്യയോഗ്യമാക്കുന്ന സസ്യഭുക്ക് ഇനത്തിൽപ്പെട്ട 200 ഗ്രാസ് കാർപ് മത്സ്യകുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു. മത്സ്യകുഞ്ഞുങ്ങൾ വളർന്നതോടെ പായലുകൾ ഭക്ഷിക്കാനും തുടങ്ങി. മത്സ്യങ്ങൾ വെട്ടിയിട്ട പായലുകൾ കുളത്തിന് സമീപമുള്ള ഓപൺ ജിംനേഷ്യത്തിൽ വ്യായാമം ചെയ്യാനെത്തുന്നവർ നീക്കം ചെയ്യാനാരാംഭിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ ഒടുങ്ങാട്ടുകുളം ജനകീയ ശുചീകരണ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുളത്തിന് മുകളിൽ പൊങ്ങിക്കിടന്ന പായലുകളും കുളത്തിൽ വലിച്ചെറിഞ്ഞ മാലിന്യവും മുഴുവനും നാട്ടുകാർ കുളത്തിൽ നിന്നും നീക്കം ചെയ്തു. പായലുകൾ ഇല്ലാതായതോടെ കുളത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടി. അതിനിടെ ഗ്രാസ് കാർപ് മീനുകൾക്ക് തീറ്റക്കായി കുളത്തിലേക്ക് പുല്ലുകൾ ഇട്ടുകൊടുക്കേണ്ടി വരുന്നു. മാലിന്യം കുളത്തിൽ വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാനും മത്സ്യങ്ങളെ രാത്രിയിൽ പിടിച്ചു കൊണ്ടുപോകുന്നത് തടയാനും നാട്ടുകാർ നിതാന്ത്ര ജാഗ്രത പുലർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.