മലപ്പുറം: ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളിൽ മോടി കൂട്ടിയവർക്ക് പിടിവീഴും. കാതടപ്പിക്കുന്ന ശബ്ദത്തിൽ ഇമ്പം കണ്ടെത്തുന്ന ഇരുചക്രവാഹന യാത്രക്കാരെയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകൾ ഉപയോഗിക്കുന്നവരെയും പൂട്ടാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. റോഡുകളിൽ നിയമാനുസൃതം യാത്ര ചെയ്യുന്നവർക്കും റോഡിന് ഇരുവശങ്ങളിലുമായി താമസിക്കുന്നവർക്കും നിരന്തരം ശല്യവും ആരോഗ്യത്തിന് ഭീഷണിയുമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് 'ഓപറേഷൻ സൈലൻസ്'പരിശോധന.
ഓപറേഷൻ സൈലൻസിെൻറ ഭാഗമായി മോട്ടോർ വാഹനവകുപ്പ് മലപ്പുറം ജില്ലയിൽ മാത്രം നടത്തിയ പരിശോധനയിൽ അനധികൃതമായി സൈലൻസർ അൾട്ടറേഷൻ നടത്തിയ 33 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. ജില്ലയിൽ നടത്തിയ കർശന പരിശോധനയിൽ ഹെൽമറ്റ് ധരിക്കാത്ത 209 പേർക്കെതിരെയും, ഇൻഷുറൻസ് ഇല്ലാത്ത 68 വാഹനങ്ങൾക്കെതിരെയും, ലൈസൻസില്ലാതെ വാഹനമോടിച്ച 40 പേർക്കെതിരെയും നടപടിയെടുത്തു. 402 വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിഴയായി 10,16,400 രൂപ ഈടാക്കി.
വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപറേഷൻ സൈലൻസ് എന്ന പേരിൽ പ്രത്യേക പരിശോധന നടത്തുന്നത്. പരിഷ്കരിച്ച ഹാൻഡിൽ ബാറടക്കം ഘടനപരമായ എല്ലാ മാറ്റങ്ങളും കണ്ടെത്തി പിഴ ഈടാക്കും.
ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിെൻറ കീഴിൽ എം.വി.ഐമാരായ ഡാനിയൽ ബേബി, സജി തോമസ്, എ.എം.വി.ഐമാരായ സലീഷ് മേലേപ്പാട്ട്, വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം, തിരൂരങ്ങാടി, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, പൊന്നാനി, തിരൂർ, മഞ്ചേരി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.