പരപ്പനങ്ങാടി: നെടുവ ഗവ. സ്കൂളിന് സമീപത്തെ റെയിൽവേ ഓവുപാലം തകർച്ചാഭീഷണിയിൽ. പാലത്തിന്റെ അടിഭാഗത്തെ സിമന്റ് പാളികൾ ദ്രവിച്ച് പാടെ അടർന്നുവീണ നിലയിലാണ്. ഇരുമ്പു പട്ട തൂങ്ങി നിൽക്കുകയാണ്. കോൺക്രീറ്റ് കമ്പികൾ തുരുമ്പിച്ചതും ഭീതി ജനകമാണ്. ചരക്കു വണ്ടികളും യാത്രാവണ്ടികളും ഉൾപ്പെടെ നിത്യേന രണ്ടു പാതകളിലായി നിരവധി ട്രെയിനുകൾ ഇതുവഴി പോകുന്നുണ്ട്. റെയിൽവേ സുരക്ഷ സാങ്കേതിക വിഭാഗം ജീവനക്കാർ രാപകൽ ഭേദമന്യേ പാളത്തിൽ നിരീക്ഷണം നടത്തുന്നത് പതിവാണ്. എന്നാൽ, ഓപുപാലത്തിന്റെ അടിയിലെ അപകടാവസ്ഥ ഇവരുടെ ശ്രദ്ധയിൽപെട്ടിട്ടില്ല. വെള്ളം ഒഴുകിപ്പോകുന്ന ഓവുപാലമാണ് ഇതെങ്കിലും നിരവധി വിദ്യാർഥികൾ ഇതുവഴി കടന്നുപോകാറുണ്ട്.
നെടുവ അയ്യപ്പൻകാവ് സ്റ്റോപ്പിൽ ബസ് ഇറങ്ങി സ്കൂളിലേക്ക് പോകാവുന്ന എളുപ്പ വഴികൂടിയാണിത്. എത്രയും പെട്ടെന്ന് ഓവുപാലം പുതുക്കിപ്പണിത് അപകട ഭീഷണി ഇല്ലാതാക്കണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. ഓവുപാലം പുതുക്കിപ്പണിത് നാട്ടുകാർക്ക് വാഹനം കൊണ്ടുപോകാവുന്ന തരത്തിൽ വീതിയും ഉയരവും കൂട്ടി മിനി അടിപ്പാതയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യമെന്ന് പ്രദേശത്തെ പൊതുപ്രവർത്തകൻ ടി.വി. സുചിത്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.