പട്ടിക്കാട്: കുതിരാന്‍ തുരങ്കപാത തുറക്കാന്‍ നാല് ദിവസം മാത്രം അവശേഷിക്കെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങള്‍ ദ്രുതഗതിയില്‍. രാത്രിയും പകലും നടക്കുന്ന പ്രവർത്തനങ്ങളെ ചില സമയങ്ങളില്‍ മഴ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും ഒട്ടുംസമയം പാഴാക്കാതെ പറഞ്ഞ ദിവസം തന്നെ പണിപൂര്‍ത്തീകരിക്കാനാണ് നിർമാണ കമ്പനി ശ്രമിക്കുന്നത്. തുരങ്കത്തിെൻറ പാലക്കാട് ഭാഗത്തെ കവാടത്തിന് മുകളിലെ കോണ്ക്രീറ്റിങ്ങിനെയാണ് മഴ ബാധിച്ചിരുന്നത്.
എന്നാല്‍, നിർമാണ പ്രവൃത്തികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. വിദഗ്ധരുടെ നിർദേശത്തെ തുടര്‍ന്ന് ഇതിെൻറ മുകളിലെ വലിയ പാറക്കെട്ടുകള്‍ ഒഴിവാക്കിയാണ് കോണ്‍ക്രീറ്റിങ് നടത്തിയത്. തൃശൂര്‍ ഭാഗത്തെ തുരങ്കപാതയുടെ മുന്നിലെ റോഡില്‍ 100 മീറ്റര്‍ ഭാഗത്ത് ടാറിങ് പൂര്‍ത്തീകരിക്കാനുണ്ട്. ഒരുദിവസം മഴ ഒഴിഞ്ഞുനിന്നാല്‍ പൂര്‍ത്തീകരിക്കാവുന്ന ജോലി മാത്രമാണിത്. ഈ ഭാഗത്തെ റോഡിനോട് ചേര്‍ന്ന പാറക്കെട്ടുകള്‍ക്ക് മുകളില്‍ മണ്ണിടിയാന്‍ സാധ്യതയുള്ള ഭാഗത്തും കോണ്‍ക്രീറ്റിങ് നടത്തി ബലപ്പെടുത്തും. തുരങ്കത്തിനകത്ത് വൈദ്യുതി കണക്ഷന് ലഭിച്ചതോടെ അകത്തെ പ്രകാശ സംവിധാനങ്ങള്‍ എല്ലാം ഒരിക്കല്‍കൂടി പ്രവര്‍ത്തിപ്പിച്ച് ഉറപ്പാക്കിയിട്ടുണ്ട്. തുരങ്കത്തിനകത്തെ താപനില, കാര്‍ബന്‍ ഡയോക്സൈഡിെൻറ അളവ് തുടങ്ങിയവ പരിശോധിക്കാനുള്ള സെന്‍സര്‍ സംവിധാനങ്ങള്‍ എല്ലാം സ്ഥാപിച്ച് കഴിഞ്ഞു.
ഇതിെൻറ പ്രവര്‍ത്തനം പാലക്കാട് ഭാഗത്തെ കവാടത്തിന് മുന്നില്‍ സ്ഥാപിച്ച കണ്ട്രോള് റൂമില്‍ ഇരുന്ന് നിയന്ത്രിക്കാനാകും. വൈദ്യുതി വിതരണത്തിന് തടസ്സം വരാതിരിക്കാൻ ജനറേറ്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തുരങ്കത്തിനകത്തെ പൊടിപടലം മാറ്റാൻ വേണ്ട സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു. തുരങ്കത്തിനകത്ത് തീപിടിത്തം ഉണ്ടായാല്‍ പ്രവര്‍ത്തിക്കേണ്ട തീയണക്കാനുള്ള സംവിധാനങ്ങളുടെ പരിശോധന പൂര്‍ത്തിയായി അനുമതി ലഭിച്ചിട്ടുണ്ട്.
ട്രയൽ റൺ 29ന് ആഗസ്റ്റിൽ തുറക്കാനാകുമെന്ന് പ്രതീക്ഷ -മന്ത്രി റിയാസ്
തൃശൂർ: കുതിരാന്‍ തുരങ്കത്തിെൻറ ഒരു ടണല്‍ ആഗസ്റ്റിൽ തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിര്‍മാണ പ്രവൃത്തികൾ വിലയിരുത്താനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി ഒരു ടണല്‍ തുറക്കുന്നതിന് വേണ്ടിയുള്ള മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ യോഗത്തിൽ അറിയിച്ചു. ജോലികള്‍ വേഗത്തിൽ മുന്നോട്ടുപോകുന്നു. 29ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്, കെ. കൃഷ്ണന്‍കുട്ടി, ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍, സ്പെഷല്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് ഷാനവാസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.