പട്ടിക്കാട്: ഡിസംബർ മൂന്നു മുതൽ നടന്നുവരുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 61ാം വാര്‍ഷിക, 59ാം സനദ് ദാന സമ്മേളനം ഞായറാഴ്ച സമാപിക്കും. പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ നഗരിയില്‍ നടന്ന സമ്മേളനത്തിന്റെ സമാപന സദസ്സില്‍ 572 യുവ പണ്ഡിതര്‍ സനദ് സ്വീകരിക്കും. 8819 ഫൈസിമാരാണ് ഇതിനകം ജാമിഅയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയത്.
മാണിയൂര്‍ അഹ്മദ് മുസ്ലിയാര് പ്രാർഥനക്ക് നേതൃത്വം നല്‍കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.
സുന്നി യുവജനസംഘം (എസ്.വൈ.എസ്), എസ്.കെ.എസ്.എസ്.എഫ് നേതൃനിരയിലുള്ള യുവ പണ്ഡിതരിൽ ചിലരെ വാർഷിക, സനദ് ദാന സമ്മേളനത്തിലെ പൊതു രിപാടികളിൽനിന്ന് മാറ്റി നിർത്തിയത് സംബന്ധിച്ച് സമസ്തയിലും ലീഗിലും ചർച്ചയും വിവാദവും ഉണ്ടായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻകൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മുഖ്യ ഭാരവാഹിത്വത്തിലുള്ള സ്ഥാപനമാണ് ജാമിഅ നൂരിയ്യ.
വിവാദത്തിൽ ഇതുവരെ സമസ്തയോ ലീഗോ വിശദീകരണം നൽകിയിട്ടില്ല. സമാപന പൊതു സമ്മേളനത്തിൽ വിശദീകരണമുണ്ടാവുമോ എന്നും കാത്തിരിക്കുന്നവരുണ്ട്. സനദ് ദാന പൊതു സമ്മേളനം ശൈഖ് അഹ്മദ് ജാസിം അബ്ദുല്‍ വാഹിദ് ഖറാത്തയാണ് ഉദ്ഘാടനം ചെയ്യുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സനദ് ദാനം നിര്‍വഹിക്കും. സമസ്ത ജനറൽ സെക്രട്ടറിയും ജാമിഅ നൂരിയ്യ പ്രിൻസിപ്പലുമായ പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സനദ് ദാന പ്രസംഗം നടത്തും. ശൈഖ് സഈദ് മഹ്ഫൂള് ബിന്‍ സഈദ്, ശൈഖ് ജാബിര്‍ ബിന്‍ ഹസന് അല്‍ ബിശ് രി, ഡോ. അബ്ദുറഹീം ഈദി, ഡോ. സുല്‍ത്താന്‍ ബിന്‍ ബഖീത് തുടങ്ങിയവര്‍ സംബന്ധിക്കും.
ജാമിഅ നൂരിയ്യ മസ്ജിദിലെ സോളാര്‍ വൈദ്യുതീകരണ പദ്ധതിയുടെ സമര്‍പ്പണം മുഹമ്മദലി ഹാജി തൃക്കടേരിയും അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിക്കും. അബ്ബാസലി ശിഹാബ് തങ്ങള്‍, സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര്, എം.ടി. അബ്ദുല്ല മുസ്ലിയാര്, അബ്ദുസ്സമദ് സമദാനി എം.പി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവർ സംസാരിക്കും.
മേലാറ്റൂർ: പട്ടിക്കാട് ജാമിയ്യ നൂരിയ്യ വാർഷിക സമ്മേളനത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച വൈകീട്ട് നാലു മുതൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി മേലാറ്റൂർ പൊലീസ് അറിയിച്ചു.
പാണ്ടിക്കാട് ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മേലാറ്റൂർ-കാര്യവട്ടം-മാട് റോഡു വഴി പെരിന്തൽമണ്ണയിലേക്ക് പോകണം. പെരിന്തൽമണ്ണയിൽനിന്ന് പാണ്ടിക്കാട് ഭാഗത്തേക്കുള്ളവ അങ്ങാടിപ്പുറം-ഓരോടംപാലം-വലമ്പൂർ-പട്ടിക്കാട് വഴിയും അലനല്ലൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്നവ കാര്യവട്ടം-മാട് റോഡ് വഴിയും പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.