പട്ടിക്കാട്: കൺമുന്നിൽനിന്ന് ആടിനെ പുലി കടിച്ചുകൊണ്ടുപോയതായി ഉടമ. മുള്ള്യാകുർശ്ശി മേൽമുറി പൊരുതല മലയടിവാരത്തുനിന്നാണ് ആടിനെ പുലി പിടിച്ചതായി പറയുന്നത്. ആടുകളെ മേയ്ക്കാനെത്തിയ മാട്ടുമ്മതൊടി ഉമൈറിന് പുലിയെ നേരിട്ട് കണ്ടതിന്റെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. രണ്ട് ദിവസം മുമ്പും ഒരു ആടിനെ കാണാതായിരുന്നു.
ബുധനാഴ്ച വൈകീട്ട് 5.30ഓടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ ആടിനെ പുലി കാടിനുള്ളിലേക്ക് കടിച്ചുകൊണ്ടുപോകുന്നത് നേരിൽ കണ്ടതായാണ് ഉമൈർ പറയുന്നത്. ഓടിയെത്തിയപ്പോൾ സ്ഥലത്ത് ചോരപ്പാടുകളും രോമവും മാത്രമാണ് കാണാനായത്. നാട്ടുകാർ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ആടിനെ കണ്ടെത്താനായില്ല. എന്നാൽ, രണ്ടുദിവസം മുമ്പ് കാണാതായ ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 10 ദിവസം മുമ്പ് ഇതേ സ്ഥലത്ത് ആടുകളെ മേയ്ക്കുന്നതിനിടെ മാട്ടുമ്മത്തൊടി ഹംസ പുലിയെ കണ്ടതായി പറയുന്നുണ്ട്. മൂന്ന് വർഷത്തിനിടെ ഇരുപതോളം ആടുകളെ കാണാതായതായി ഉമൈർ പറഞ്ഞു. നിരന്തരമായി ആടുകളെ നഷ്ടപ്പെടുന്നതറിഞ്ഞ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ഉമൈറിന് ആറ് ആടുകളെയും കൂടും നൽകിയിരുന്നു. മുപ്പതോളം ആടുകളെ ഒരുമിച്ച് മേയ്ക്കുന്നതിനിടെയാണ് ആടിനെ കൊണ്ടുപോയത്. വനം വകുപ്പ് ഓഫിസിൽ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച സ്ഥലം സന്ദർശിക്കാമെന്നറിയിച്ചിട്ടുണ്ട്. മുമ്പ് ഇതേ പ്രദേശത്തുനിന്ന് പുള്ളിപ്പുലിയെ വനം വകുപ്പിന്റെ നേതൃത്വത്തിൽ കെണിവെച്ച് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.