പട്ടിക്കാട്: വാസയോഗ്യമായ വീടും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്തതിനാൽ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന മണ്ണാർമല ചീനിക്കപ്പാറ കോളനിയിലെ ആദിവാസികൾക്ക് സ്വന്തമായി വീടൊരുങ്ങുന്നു. വെട്ടത്തൂർ പഞ്ചായത്ത് ലൈഫ് മിഷനിലുൾപ്പെടുത്തി വാങ്ങിയ ഭൂമിയിൽ വീടുകളുടെ നിർമാണത്തിന്റെ കുറ്റിയടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫയുടെ സാന്നിധ്യത്തിൽ ഗുണഭോക്താക്കൾ നിർവഹിച്ചു. മണ്ണാർമല പതിനഞ്ചാം വാർഡ് മെംബർ ഹൈദർ തോരപ്പയുടെ നിരന്തര പരിശ്രമത്തിലാണ് ഇവർക്ക് വീട് വെക്കാനുള്ള സ്ഥലം ലഭ്യമായത്.
അക്ക, പുള്ള, നീലി എന്നിവർക്കാണ് ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി വീടും സ്ഥലവും അനുവദിച്ചത്. സ്ഥലത്തിന് ഒരാൾക്ക് 2.15 ലക്ഷവും വീടിന് ആറുലക്ഷം രൂപയുമാണ് അനുവദിച്ചത്. ഈസ്റ്റ് മണ്ണാർമലയിലാണ് മൂന്ന് കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നത്. ഒരു കുടുംബത്തിന് കൂടി ഭൂമി ലഭ്യമാവേണ്ടതുണ്ട്. മഴക്കാലമായാൽ ക്യാമ്പ് തയാറാക്കി മാറ്റി പാർപ്പിക്കലാണ് പതിവ്. കുടിവെള്ളത്തിനും കുടുംബാംഗങ്ങളിലെ പ്രായമായവർ മല കയറാനും പ്രയാസപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ മലമുകളിൽനിന്ന് ജനവാസമേഖലയിലേക്ക് മാറ്റിപാർപ്പിക്കുന്നത്.
പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ, അംഗങ്ങളായ ഹൈദർ തോരപ്പ, സീനത്ത് പള്ളിപ്പാറ, ജലീൽ കണക്കപ്പിള്ള, മണ്ണാർമല റിയൽ സ്റ്റാർ ക്ലബ് പ്രവർത്തകരായ ജുനൈസ് മാറുകര, ബിന്യാമിൻ ചക്കപ്പത്ത്, ഉസ്മാൻ കിനാതിയിൽ, സി.പി. അക്സർ, വി.ഇ.ഒ ഗിരീഷ്, ആശാ വർക്കർ എം. റൈഹാനത്ത്, വില്ലേജ് ഓഫിസ് ജീവനക്കാരായ സജിത്ത്, കെ. പ്രസാദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.