പട്ടിക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉലമ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ആദര്‍ശ, പ്രബോധന മേഖലയില്‍ കരുത്തുറ്റ മുന്നേറ്റങ്ങൾക്കുള്ള പ്രതിജ്ഞ പുതുക്കിയാണ് സമ്മേളനം സമാപിച്ചത്.
സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രചാരണം, തെറ്റായ ആശയങ്ങൾ സംബന്ധിച്ച് സമുദായത്തെ ബോധവത്കരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമസ്ത ജില്ലകള്‍തോറും സമ്മേളനം സംഘടിപ്പിക്കുന്നത്. അതിന്റെ പ്രഥമ സമ്മേളനമാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നടന്നത്. മുദർരിസുമാര്, ഖത്തീബുമാര്‍, സ്വദ്ര്‍ മുഅല്ലിമുകള്‍ തുടങ്ങി മൂവായിരത്തോളം പ്രതിനിധികള്‍ രണ്ടു ദിവസത്തെ പഠന ക്യാമ്പുകളിൽ സംബന്ധിച്ചു. 15 സെഷനുകളിലായി യുവ പണ്ഡിതര്‍ നേതൃത്വം നല്കിയ ക്ലാസുകളും നടന്നു. സമാപന സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കോഴിക്കോട് വലിയ ഖാദി നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാർഥന നിര്‍വഹിച്ചു. കേന്ദ്ര മുശാവറ അംഗം ഹൈദര്‍ ഫൈസി പനങ്ങാങ്ങര മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാര്, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അസ്ഗറലി ഫൈസി പട്ടിക്കാട്, സൈതാലിക്കുട്ടി ഫൈസി കോറാട്, കെ. മോയിന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. സമസ്ത ജില്ല ജനറല്‍ സെക്രട്ടറി മൊയ്തീന് ഫൈസി പുത്തനഴി സ്വാഗതവും സംഘാടക സമിതി വര്‍ക്കിങ് കണ്‍വീനര്‍ ഡോ. സി.കെ. അബ്ദുറഹിമാന് ഫൈസി അരിപ്ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.