പട്ടിക്കാട്: വെള്ളിയാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വെട്ടത്തൂർ പഞ്ചായത്തിലെ രണ്ട് അംഗൻവാടികളുടെ ജനകീയ ഉദ്ഘാടനം നടത്തി നാട്ടുകാർ. മണ്ണാർമല 14ാം വാർഡിലെ പീടികപ്പടി, പച്ചീരി മൂന്നാം വാർഡിലെ ഓട്ടക്കല്ലുതൊടി സ്മാർട്ട് അംഗൻവാടികളാണ് മന്ത്രിയെ കാത്തുനിൽക്കാതെ ജനകീയ ഉദ്ഘാടനം നടത്തിയത്. ഇന്ന് വൈകീട്ട് 3.30ന് പച്ചീരി സ്കൂൾ പരിസരത്ത് രണ്ട് അംഗൻവാടികളുടെയും ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കാനിരിക്കെയാണ് ജനകീയ കമ്മിറ്റിയുണ്ടാക്കി ഉദ്ഘാടനം നടത്തിയത്. പ്രദേശത്തെ വായനശാലയുടെ പേരിൽ സി.പി.എമ്മിൽ വിഭാഗീയ പ്രവർത്തനങ്ങൾ നിലനിൽക്കുന്നുണ്ട്. നാട്ടുകാരിൽനിന്ന് പണം പിരിവെടുത്ത് വാങ്ങിയ സ്ഥലത്ത് നിർമിച്ച അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പാർട്ടി നോക്കിയാണ് ക്ഷണിക്കുന്നതെന്നും ആരോപണമുണ്ട്. ഇതിനെതിരെ കൂടിയുള്ള ജനവികാരമാണ് നാട്ടുകാരെ ജനകീയ ഉദ്ഘാടനം നടത്താൻ പ്രേരിപ്പിച്ചത്. സി.പി.എമ്മിലെ ഒരു വിഭാഗവും, സി.പി.ഐ, യു.ഡി.എഫ് പ്രവർത്തകരും സംബന്ധിച്ച ചടങ്ങിൽ പായസവിതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.