മലപ്പുറം: കുടുംബശ്രീയിലൂടെ ഇനി 4000 പേർ പത്താം തരം, പ്ലസ്ടു യോഗ്യത നേടും. പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് ഒരു തുറന്ന വാതായനമാവുകയാണ് കുടുംബശ്രീയുടെ ‘യോഗ്യ’ പദ്ധതി. 60 വയസ്സിന് താഴെയുള്ള വനിതകളെ തുടർസാക്ഷരതയിലൂടെ എസ്.എസ്.എൽ.സി, പ്ലസ് ടു യോഗ്യത നേടുന്നതിനുള്ള കുടുംബശ്രീ മിഷന്റെ തനത് പദ്ധതിയാണ് യോഗ്യ.
ഓരോ സി.ഡി.എസിൽ നിന്നും 20 പേരെ പത്താം തരം തുല്യത എഴുതാനും 20 പേരെ പ്ലസ് ടു പരീക്ഷ എഴുതാനും കുടുംബശ്രീ മുഖേന തിരഞ്ഞെടുക്കുന്നു. ഇവരെ സാക്ഷരത പ്രേരക്മാർ മുഖേന രജിസ്ട്രേഷൻ നടത്തി ഇവർക്ക് വേണ്ട രജിസ്ട്രേഷൻ ഫീസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും സ്പോൺസർഷിപ്പ് മുഖേനയും കുടുംബശ്രീയുടെ തനത് ഫണ്ടിൽ നിന്നും കണ്ടെത്തി സാക്ഷരത മിഷനിൽ അടവാക്കുന്നു. ഇവർക്ക് വേണ്ട പഠന പിന്തുണയും കുടുംബശ്രീ മുഖേന നൽകുന്നു.
സാക്ഷരതാ മിഷനും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കൊമേർഷ്യൽ ബാങ്കുകൾ, പട്ടികജാതി വികസന വകുപ്പ്, സഹകരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണ കൂടവും ജില്ല പഞ്ചായത്തും ഇതിന് വേണ്ട പിന്തുണയും സഹകരണവും നൽകുന്നുണ്ട്. ഫെബ്രുവരി 25ന് പ്രത്യേക അയൽക്കൂട്ട യോഗം ചേർന്ന് അയൽക്കൂട്ട പരിധിയിലെ താൽപര്യമുള്ള എല്ലാ വനിതകളെയും 10 ആം തരം തുല്യതയിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നുവെന്നും അവർക്ക് വേണ്ട സഹായം ചെയ്യുന്നുവെന്നും അയൽക്കൂട്ട അംഗങ്ങൾ പ്രതിജ്ഞ എടുക്കും.
മാർച്ച് അഞ്ചിന് കലക്ടറുടെ നേതൃത്വത്തിൽ ജില്ലതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. സാക്ഷരതാ മിഷനും മലപ്പുറം കുടുംബശ്രീയുമായി ചേർന്ന് യോഗ്യ പദ്ധതിയിലൂടെ ഇതിനകം തന്നെ 6000 പേർക്ക് പത്താം തരം തുല്യതയും പ്ലസ്ടു യോഗ്യതയും നേടാനായിട്ടുണ്ട്. കഴിഞ്ഞ വർഷം കുടുംബശ്രീ സി.ഡി.എസുകൾ മുഖേന 13 ലക്ഷം രൂപ തുടർ സാക്ഷരത പരിപാടിയിലേക്ക് രജിസ്ട്രേഷൻ ഇനത്തിൽ അടവാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.