പെരിന്തൽമണ്ണ: സൂപ്പർ സ്പെഷാലിറ്റിയടക്കം മേഖലയിൽ ചികിത്സ നൽകുന്ന പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് ചികിത്സ പദ്ധതി (കെ.എ.എസ്.പി) നിർത്തുന്നു.
സെപ്റ്റംബർ 26 മുതൽ ആരോഗ്യ ഇൻഷുറൻസ് കാർഡിൽ ഇവിടെ ചികിത്സ നൽകില്ല. കഴിഞ്ഞ ആറുമാസത്തോളമായി ആരോഗ്യ ഇൻഷുറൻസിൽ ചികിത്സ നൽകിയതിന് 15 കോടിയോളം രൂപ ആശുപത്രിക്ക് ലഭിക്കാനുണ്ട്. കുടിശ്ശിക അനുവദിക്കാൻ സർക്കാറിൽ പലവട്ടം ആവശ്യപ്പെട്ടിട്ടും പണം ലഭിച്ചിട്ടില്ല.
ആരോഗ്യമന്ത്രിക്ക് ആശുപത്രി ഡയറക്ടർ കത്തുനൽകിയിട്ടും പ്രതികരണമുണ്ടായിട്ടില്ല. ഇനി പണം അനുവദിക്കാതെ ഇൻഷുറൻസിൽ ചികിത്സ നൽകേണ്ടെന്നാണ് മാനേജ്മെൻറ് തീരുമാനം. പ്രതിമാസം 1,500 പേർ എന്ന തോതിൽ ചികിത്സ തേടുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. ഗവ. മെഡിക്കൽ കോളജുകളിൽ ലഭിച്ചിരുന്ന ചികിത്സയും ശസ്ത്രക്രിയ അടക്കം സേവനങ്ങളും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ രോഗികൾക്ക് പണം മുടക്കാതെ ലഭിച്ചിരുന്ന സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയാണിത്. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിൽ ഈ സേവനത്തിന് വൻകിട ആശുപത്രികൾ തയാറാവാത്ത ഘട്ടത്തിലാണ് എം.ഇ.എസ് മെഡിക്കൽ കോളജിൽ ഈ സേവനം നൽകി വന്നത്. പ്രതിമാസം മൂന്നുകോടി രൂപയുടെ ചികിത്സ ഇത്തരത്തിൽ നൽകുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആനുകൂല്യം നൽകുന്നത് കൊണ്ടുതന്നെ സാധാരണക്കാരായ നിരവധി പേരാണ് ശസ്ത്രക്രിയക്കും മറ്റുമായി മറ്റു ആശുപത്രികളിൽനിന്ന് റഫർ ചെയ്യപ്പെട്ട് ഇവിടെ വരുന്നത്.
ഇൻഷുറൻസ് പദ്ധതി നിലക്കുന്നതോടെ എം.ഇ.എസ് ആശുപത്രിയെ ചികിത്സക്ക് ആശ്രയിക്കുന്ന രോഗികളും പ്രതിസന്ധിയിലാവും. ഇതിനകം തീരുമാനിച്ച ശസ്ത്രക്രിയകൾ പൂർത്തിയാക്കുന്ന കാര്യത്തിലും പ്രതിസന്ധിയുണ്ട്.
15 കോടിയിൽ 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ, പണം ലഭിച്ചിട്ടില്ല. ഇൻഷുറൻസ് ചികിത്സ നിർത്തുന്ന കാര്യം വ്യക്തമാക്കി ആശുപത്രിയിൽ അറിയിപ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്. അതേസമയം, കുടിശ്ശിക ലഭിക്കുന്ന മുറക്ക് ചികിത്സ പുനരാരംഭിക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദ് സാജി അറിയിച്ചു. ഇതിനായി ആശയവിനിമയം നടത്തി വരുന്നുണ്ടെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.