പെരിന്തൽമണ്ണ: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കെ.എ.എസ്.പി) ജില്ല പഞ്ചായത്തിന് കീഴിലുള്ള മൂന്ന് ജില്ല ആശുപത്രികൾക്ക് ലഭിക്കാനുള്ള ഇൻഷുറൻസ് കുടിശ്ശിക 15 കോടി രൂപയായി. ഇതോടെ ഈ ആശുപത്രികളിൽനിന്ന് പാവപ്പെട്ട രോഗികൾക്ക് ലഭിക്കേണ്ട സൗജന്യ സേവനങ്ങൾ എല്ലാം മുടങ്ങുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്. തിരൂർ ജില്ല ആശുപത്രിക്ക് 7,47,88348 രൂപയും നിലമ്പൂർ ജില്ല ആശുപത്രിക്ക് 5,81,80466 രൂപയും, പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് 1,63,83198 രൂപയുമാണ് ലഭിക്കാൻ ബാക്കിയുള്ളത്. ഒരു മാസം മുമ്പ് ജില്ല വികസന സമിതിയിൽ ഇക്കാര്യത്തിൽ വിശദമായ ചർച്ച നടന്നിരുന്നു.
2024 ഏപ്രിൽ മാസം വരെയുള്ള കുടിശ്ശികയാണിത്. സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ആശുപത്രികൾ വിവിധ സേവനങ്ങൾക്കായി കരാറിൽ ഏർപ്പെട്ട സ്ഥാപനങ്ങൾക്ക് പണം കൊടുക്കാൻ കഴിയാത്തതിനാൽ അവർ സേവനങ്ങൾ ഇനിമേൽ നൽകാൻ കഴിയില്ല എന്ന നിലപാട് സ്വീകരിക്കുകയാണ്.
പാവപ്പെട്ട രോഗികൾക്ക് ആശുപത്രികളിൽനിന്ന് മൂന്നു ലക്ഷം രൂപ വരെയുള്ള സേവനങ്ങൾ സൗജന്യമായി ലഭിച്ചിരുന്ന കാരുണ്യ ഇൻഷുറൻസ് പദ്ധതിയാണ് ആനുകൂല്യങ്ങൾ ലഭിക്കാതെ മുടങ്ങുന്നത്.
കുടിശ്ശിക ലഭിക്കാനായി ജില്ല പഞ്ചായത്ത് ഭരണസമിതി നിരന്തരമായി സംസ്ഥാന സർക്കാറിന് നിവേദനങ്ങൾ സമർപ്പിച്ചുവെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.