പെരിന്തൽമണ്ണ: തെരഞ്ഞെടുപ്പ് നടക്കാത്ത ജില്ലയിലെ നിയോജക മണ്ഡലങ്ങളിലും പെരുമാറ്റ ചട്ടം ബാധകമാക്കിയത് തദ്ദേശ സ്ഥാപന പദ്ധതി നിർവഹണത്തെ ബാധിക്കുന്നതായി കാണിച്ച് ജില്ല കലക്ടർക്ക് നിവേദനം. ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാമാരുടെ നേതൃത്വത്തിലാണ് കലക്ടറെ കണ്ട് നിവേദനം നൽകിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങൾക്ക് പുറമെ ജില്ലയിലെ ശേഷിക്കുന്ന 13 നിയോജക മണ്ഡങ്ങളിലും പെരുമാറ്റച്ചട്ടമുണ്ട്.
അതേസമയം വയനാട് ലോക്സഭ മണ്ഡലത്തിൽ വരുന്ന നിയമസഭ മണ്ഡലങ്ങളുള്ള കോഴിക്കോട് ജില്ലയിൽ മുഴുവൻ പെരുമാറ്റചട്ടമില്ല. നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ മാത്രമാണ് പെരുമാറ്റച്ചട്ടം.
മലപ്പുറത്ത് തെരഞ്ഞെടുപ്പ് നടക്കാത്ത പഞ്ചായത്തുകളിലും വാർഷിക പദ്ധതി തടസ്സപ്പെട്ട് കിടക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ പെരുമാറ്റച്ചട്ടം കാരണം രണ്ട് മാസത്തോളം പദ്ധതി മുടങ്ങിയിരുന്നു. പ്രകൃതിദുരന്ത പരിഹാരം, മാലിന്യനിർമാർജനം, മറ്റു അടിയന്തര-ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയടക്കം ചെയ്യാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു നടക്കാത്ത മണ്ഡലങ്ങളിൽ പെരുമാറ്റചട്ടം മറ്റു ജില്ലകളിലെ പോലെയാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് അസോ. ജില്ല പ്രസിഡന്റ് കലാം മാസ്റ്റർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ. ഇസ്മായിൽ മാസ്റ്റർ, കെ.പി. വഹീദ, ബ്ലോക്ക് പഞ്ചായത്ത് അസോ. ജില്ല പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിലാണ് കലക്ടറെ സന്ദർശിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. അബ്ദുറഹിമാൻ (പുൽപ്പറ്റ) കെ.വി. റാബിയ (കോഡൂർ), സി.എം. മുസ്തഫ (വെട്ടത്തൂർ), മൻസൂർ തങ്ങൾ (ഊരകം), മൂസ കടമ്പോട്ട് (ഒതുക്കുങ്ങൽ), ചന്ദ്രൻ ( ആനക്കയം),അഡ്വ. അസ്ഗറലി (മങ്കട), ഹസീന (എടയൂർ ), മാജിദ് (കൂട്ടിലങ്ങാടി) തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.