പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണം ഇഴയുന്നതായി പരാതി. കാലപ്പഴക്കത്താല്‍ നിലവിലെ കെട്ടിടം ഉപയോഗിക്കാനാവില്ലെന്ന് പൊതുമരാമത്ത് വിഭാഗം 2018ല്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് അടച്ചുപൂട്ടി. ഇതേസ്ഥലത്ത് പഴയകെട്ടിടം പൊളിച്ചുനീക്കി പുതിയത് പണിയാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി 2018ല്‍തന്നെ അപേക്ഷ നല്‍കുകയും ചെയ്തു. കോവിഡും മറ്റും മൂലം തുടര്‍നടപടികളുണ്ടായില്ല. 2021ല്‍ എസ്റ്റിമേറ്റ് തയാറാക്കുന്ന ഘട്ടത്തില്‍ ഹോസ്റ്റല്‍ നിര്‍മിക്കുന്ന സ്ഥലം മാറ്റി അധികൃതര്‍ പുതിയ ഹോസ്റ്റലിന് അപേക്ഷ സമര്‍പ്പിച്ചു. പോളി ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള സ്ഥലമാണ് ഹോസ്റ്റലിനായി നിശ്ചയിച്ചത്.
മുമ്പ് നിശ്ചയിച്ച സ്ഥലത്തുതന്നെ ഹോസ്റ്റല്‍ നിര്‍മിക്കാന്‍ പിന്നീട് തീരുമാനമായി. തുടര്‍നടപടി ഇഴഞ്ഞാണ് നീങ്ങുന്നത്. രണ്ടുവര്‍ഷമായിട്ടും എസ്റ്റിമേറ്റ് തയാറാക്കിയിട്ടില്ല. എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി ഹോസ്റ്റല്‍ നിര്‍മാണം തുടങ്ങണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. നിര്‍ധനരായ വിദ്യാര്‍ഥികളടക്കമുള്ളവര്‍ പലരും വലിയ തുക ഫീസ് നല്കി മറ്റിടങ്ങളില്‍ താമസിക്കേണ്ട സ്ഥിതിയാണ്. ജനപ്രതിനിധികളുടെയോ കോളജ് അധികൃതരുടെയോ ഭാഗത്തുനിന്നും ആവശ്യമായ ഇടപടലുണ്ടാകുന്നില്ലെന്ന് വിദ്യാർഥികൾ കുറ്റപ്പെടുത്തുന്നു. ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ പോലും മറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.