പെരിന്തൽമണ്ണ: ജില്ല ആശുപത്രിയാക്കി ഉയർത്തിയതല്ലാതെ കാര്യമായ പുരോഗതികളില്ലാതെ അവഗണന തുടരുന്ന പെരിന്തൽമണ്ണ ആശുപത്രിയുടെ ദയനീയാവസ്ഥ ശരിവെച്ച് ആരോഗ്യ മന്ത്രി വീണ ജോർജും. 2014ലാണ് ജില്ല ആശുപത്രിയാക്കിയത്. 177 കിടക്കകളാണ് കണക്കിൽ. നിലവിൽ 900 രോഗികൾ ഒ.പിയിൽ എത്തുന്നുണ്ട്. കോവിഡിന് മുമ്പ് 1800 പേർ ഒ.പിയിലെത്തിയിരുന്നു.
താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ വെച്ച് പ്രവർത്തിക്കുന്ന ജില്ല ആശുപത്രിയിൽ പേരിനുപോലും ഒരു ജൂനിയർ കൺസൽട്ടൻറില്ലെന്നും മോർച്ചറി ഉള്ള ഇവിടെ പൊലീസ് സർജൻ ഇല്ലെന്നും ആശുപത്രിയുടെ സ്ഥിതി മാറ്റിയെടുക്കണമെന്നും ആവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എൽ.എ കൊണ്ടുവന്ന സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
മലപ്പുറം ജില്ലയിൽ 2017 ഏപ്രിൽ 24ലെ ഉത്തരവ് പ്രകാരം തിരൂർ ആശുപത്രിയാണ് സർക്കാറിെൻറ കണക്കിലുള്ള ജില്ല ആശുപത്രിയെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. പെരിന്തൽമണ്ണയിൽ വേണ്ടത്ര ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുകയെന്നത് സർക്കാറിെൻറ പരിഗണനയിലാണ്. 11.89 കോടി രൂപ കിഫ്ബി പദ്ധതിയിലും 1.24 കോടി ആർദ്രം പദ്ധതിയിലും മുൻ സർക്കാർ അനുവദിച്ച് പുതിയ കെട്ടിടവും അനുബന്ധ സൗകര്യവും വിപുലപ്പെടുത്തുന്നുണ്ടെന്നും ഡയാലിസിസ് യൂനിറ്റ് പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായി കെട്ടിടം നിർമിച്ചതല്ലാതെ ഇതിലേക്ക് വേണ്ട തസ്തികകൾ സൃഷ്ടിച്ചിട്ടില്ലെന്നും അതിനുള്ള നടപടി വേണമെന്നും നജീബ് കാന്തപുരം എം.എൽ.എ ആവശ്യപ്പെട്ടെങ്കിലും കെട്ടിടം പണി പൂർത്തിയായി ഇതിൽ സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.