കുടിവെള്ളം മുടങ്ങി; താലൂക്ക് വികസന സമിതി യോഗത്തിൽ ബഹളം, ഒറ്റദിവസം കൊണ്ട് പരിഹാരം

പെരിന്തൽമണ്ണ: അഞ്ചുദിവസം കുടിവെള്ളം വിതരണം മുടങ്ങാനും താലൂക്ക് വികസന സമിതി യോഗത്തിൽ വലിയ ബഹളത്തിനുമിടയാക്കിയ ചെറുകര ജല അതോറിറ്റി പ്ലാൻറിലെ ട്രാൻസ്ഫോർമർ പ്രശ്നം ഒറ്റ ദിവസം കൊണ്ട് പരിഹരിച്ച് ഉദ്യോഗസ്ഥർ. തൃത്താലയിൽ ജല അതോറിറ്റി മറ്റൊരു പദ്ധതിയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചപ്പോൾ അവിടെയുള്ളത് പെരിന്തൽമണ്ണയിലേക്ക് കൊണ്ടുവരുകയായിരുന്നു. ജല അതോറിറ്റി എൻജിനീയർമാർ സംസ്ഥാന തലത്തിൽ അടിയന്തരമായി ട്രാൻസ്ഫോർമർ ലഭിക്കാനുണ്ടോ എന്ന് അന്വേഷിച്ചപ്പോഴാണ് തൃത്താലയിൽനിന്ന് ലഭിച്ചത്. ഇതി‍െൻറ കേബിളുകൾക്ക് തന്നെ ലക്ഷങ്ങൾ വരും. ഇത് ടെൻഡർ വഴി പുതിയത് വാങ്ങുകയും ചെയ്തു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ജലവിതരണം പുനഃസ്ഥാപിച്ചു.

ലക്ഷങ്ങൾ വിലയുള്ള പഴയ കെ.വി.എ 750 ഇനം ട്രാൻസ്ഫോർമർ ബുധനാഴ്ചയാണ് പൂർണമായും തകരാറിലായത്. കാലപ്പഴക്കം കൊണ്ട് കേടുവന്ന ട്രാൻസ്ഫോർമർ വീണ്ടും അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയാത്ത ഘട്ടമായിരുന്നു. ശനിയാഴ്ച നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ഹംസ പാലൂരാണ് വിഷയം വലിയ ചർച്ചയാക്കിയത്. അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എ.കെ. മുസ്തഫ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നപരിഹാരമുണ്ടായത്.

പെരിന്തൽമണ്ണ നഗരസഭ, പുലാമന്തോൾ, ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകളിലായി 20,000 ഹൗസ് കണക്ഷനും 5,000ന് മുകളിൽ ഇതര കണക്ഷനുമായി ജനങ്ങൾ വെള്ളത്തിനാശ്രയിക്കുന്ന പദ്ധതിയാണ് പൂർണമായും നിന്നത്. വാട്ടർ അതോറിറ്റി പെരിന്തൽമണ്ണ അസി. എക്സി. എൻജിനീയർ എം.എസ്. ബാബു, അസി. എൻജിനീയർ എസ്.എ. ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് ജലവിതരണം പുനഃസ്ഥാപിച്ചത്. പെരിന്തൽമണ്ണ നഗരസഭ പരിധിയിൽ ആഴ്ചയിൽ അഞ്ചുദിവസം കൂടുമ്പോഴാണ് പമ്പിങ്. വെള്ളം വിതരണം നിലച്ചത് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.