പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ കയറി അക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാളികാവ് അടക്കാകുണ്ട് ഞാറക്കൽ അമീൻ സാദിഖാണ് (33) അറസ്റ്റിലായത്.
നവംബർ എട്ടിന് വൈകീട്ടായിരുന്നു സംഭവം. വെള്ളം ചോദിച്ചെത്തിയ പ്രതി നടത്തിയ അക്രമത്തിൽ തലക്കും കഴുത്തിനും മാരകമായി പരിക്കേറ്റ പരാതിക്കാരിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. അടുത്തദിവസം വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
പ്രതിക്ക് കാലിന് ചെറിയ മുടന്തുപോലെ കണ്ടതായി പരാതിക്കാരി മൊഴി നൽകിയിരുന്നു. നാലുദിവസം തുടർച്ചയായി നൂറോളം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും രാത്രി ടൗണിലെ റോഡോരത്ത് കിടക്കുന്നവരെയും മറ്റും പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. ഒരു കാൽ മുറിച്ചുമാറ്റി കൃത്രിമക്കാൽ ഉപയോഗിക്കുന്ന പ്രതിക്ക് സ്ഥിരമായി താമസസ്ഥലമോ മൊബൈൽ നമ്പറോ ഇല്ല.
ഇയാളെ അങ്ങാടിപ്പുറത്തുനിന്നാണ് കണ്ടെത്തിയത്. ആദ്യം കുറ്റം നിഷേധിച്ച പ്രതി തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
ഭിക്ഷാടനത്തിലൂടെ പണം കണ്ടെത്തുന്ന ഇയാൾ ലഹരിക്കടിമയാണ്. പെരിന്തൽമണ്ണ, കോഴിക്കോട് കസബ, തൃശൂർ എക്സൈസ്, മഞ്ചേരി സ്റ്റേഷനുകളിൽ അടിപിടിക്കേസുകളും കഞ്ചാവുകേസുകളും നിലവിലുണ്ട്. ജയിൽ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയതാണ്.
പെരിന്തൽമണ്ണ എ.എസ്.പി എം. ഹേമലതയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സി.കെ. നാസർ, എസ്.ഐ രമാദേവി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ജില്ല ആൻറി നർക്കോട്ടിക് സ്ക്വാഡിലെ ടി. ശ്രീകുമാർ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, അഡീഷനൽ എസ്.ഐ ജിജോ, എ.എസ്.ഐ സുകുമാരൻ, പ്രഫുൽ, കബീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.