പെരിന്തൽമണ്ണ: നിലമ്പൂർ-പെരുമ്പിലാവ് പാതയിൽ തിരക്കേറിയ പെരിന്തൽമണ്ണ നഗരമുൾപ്പെടുന്ന ഊട്ടി റോഡും പട്ടാമ്പി റോഡും വരുന്ന 30 കി.മീ. ഭാഗത്തെ നവീകരണം മൂന്നുമാസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ പോയത് ശക്തമായ മഴ തുടർന്നതിനാലാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 2021 ജൂണിൽ പെരിന്തൽമണ്ണയിലെത്തി പുരോഗതി വിലയിരുത്തുകയും പ്രവൃത്തി ഊർജിതമാക്കാൻ തീരുമാനിക്കുകയും ചെയ്തെങ്കിലും ശക്തമായ മഴ തടസ്സമായി. മഴ മാറിയയുടൻ പെരിന്തല്‍മണ്ണ നഗരത്തിലെ പ്രശ്നം പരിഹരിക്കാൻ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ടാറിങ് ജോലികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി അവസാനത്തോടെ ഇവിടെ ടാറിങ് പൂര്‍ത്തിയാക്കും.
പെരിന്തൽമണ്ണ നഗരത്തിന് ഏറെ വൈകാതെ പുതുജീവൻ ലഭിക്കുകയും പുതിയ മുഖത്തോടെ നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാത പൊതുജനങ്ങൾക്കായി തുറക്കുകയും ഊട്ടി റോഡിൽ നല്ല യാത്ര സാധ്യമാവുകയും ചെയ്യുമെന്നും ഇതിനായി കെ.എസ്.ടി.പി ഊർജിതശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
മലയോര ഹൈവേ പ്രവൃത്തിയും ഊർജിതം
പെരിന്തൽമണ്ണ: മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിലമ്പൂര്‍- പെരുമ്പിലാവ് പാതയിൽ മലയോര ഹൈവേയുടെ പ്രവൃത്തിയും ഊർജിതം. കരുവാരകുണ്ട് മുതൽ പൂക്കോട്ടുംപാടം വരെയാണ് മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്നത്. കരുവാരകുണ്ട് പഞ്ചായത്ത് പരിധിയിലാണ് ഇപ്പോൾ പാലങ്ങളുടെയും ഓവുപാലങ്ങളുടെയും അഴുക്കുചാലുകളുടെയും നിർമാണം നടക്കുന്നത്. ശേഷം കാളികാവ് വരെയും പിന്നീട് പൂക്കോട്ടുംപാടം വരെയും പ്രവൃത്തി നടക്കും. മലയോര ഹൈവേ പൂക്കോട്ടുംപാടത്തുനിന്ന് കരുളായി വഴിയാണ് കടന്നുപോവുക. നിലവിൽ കരുവാരകുണ്ട് മുതൽ മേലാറ്റൂർ വരെ നവീകരിച്ചിട്ടുണ്ട്. മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയാണ് 139 കോടി രൂപ ചെലവിൽ ഇപ്പോൾ സംസ്ഥാനപാത നവീകരണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.