പെരിന്തൽമണ്ണ: സംഘ്പരിവാറിന്‍റെ ഫാഷിസ്റ്റ്വത്കരണത്തിനും ദേശീയ വിദ്യാഭ്യാസ നയത്തിനുമെതിരെ കേന്ദ്ര സർവകലാശാലകളിലും മറ്റു കാമ്പസുകളിലും വിദ്യാർഥികളെ അണിനിരത്തി നടത്തിയ പ്രക്ഷോഭങ്ങൾ അക്കമിട്ടു നിരത്തി എസ്.എഫ്.ഐയുടെ സംഘടന റിപ്പോർട്ട്.
ദേശീയ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കാമ്പസുകളും പാഠ്യപദ്ധതിയും കൂടുതൽ വർഗീയവത്കരിക്കപ്പെടുന്നതിന്‍റെ ആശങ്കകൾ ഇതിൽ പരാമർശിച്ചിട്ടുണ്ട്. പൗരത്വസമര കാലത്തും പിന്നീട് കേന്ദ്ര സർക്കാറിനെതിരെയും കാമ്പസുകളിൽ പ്രതിരോധം തീർക്കാനായി. രാജ്യത്തും കേരളത്തിലും വിദ്യാർഥി പ്രസ്ഥാനം മുന്നോട്ടുപോകേണ്ട വഴികളും മാർഗരേഖകളും വ്യക്തമാക്കിയാണ് സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്.
സംസ്ഥാനത്ത് ഭൂരിഭാഗം കലാലയങ്ങളിലും പ്രത്യേകിച്ച് അടുത്തിടെ നടന്ന ഐ.ടി.ഐ തെരഞ്ഞെടുപ്പുകളിലും മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. രണ്ടു റിപ്പോർട്ടുകളിലുമുള്ള ഗ്രൂപ് ചർച്ചകൾ ബുധനാഴ്ച ഉച്ചക്കുശേഷം ആരംഭിച്ചു. കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി സംഘടനകളുടെ സാന്നിധ്യമല്ല, പ്രഫഷനൽ രംഗത്തെ വിദ്യാർഥികളെ സംഘടനയിലേക്ക് ആകർഷിക്കാൻ കഴിയാത്തത് പോരായ്മയാണെന്ന വിമർശനം ചില പ്രതിനിധികൾ പങ്കുവെച്ചു. ചർച്ച വ്യാഴാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.