പെരിന്തൽമണ്ണ: ഒരു മഴചാറിയാൽ സ്തംഭിക്കുന്ന അവസ്ഥയിലാണ് പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും റോഡുകൾ. ജില്ലകളിലെ ആശുപത്രിനഗരമെന്നറിയപ്പെടുന്ന പെരിന്തൽമണ്ണ വ്യാപാരകേന്ദ്രങ്ങളുടെ കാര്യത്തിലും മുൻനിരയിലാണ്. എന്നിട്ടും ആർക്കും പരിഹരിക്കാനാകാത്ത മട്ടിലാണ് പെരിന്തൽമണ്ണയിലെയും തൊട്ടടുത്ത അങ്ങാടിപ്പുറത്തെയും ഗതാഗതത്തിരക്ക്. പതിവ് തിരക്ക് പെരുന്നാളോ ഓണമോ പോലുള്ള ഉത്സവകാലമാകുമ്പോൾ ഇരട്ടിയാകും. മണിക്കൂറുകളാണ് അങ്ങാടിപ്പുറം കടന്ന് പെരിന്തൽമണ്ണയിലെത്താൻ വാഹനങ്ങളിൽ കാത്തിരിക്കേണ്ടത്.
രോഗികളെയും കൊണ്ടുവരുന്ന ആംബുലൻസുകൾക്കുപോലും കടന്നുപോകൽ എളുപ്പമല്ല. അങ്ങാടിപ്പുറം ജങ്ഷനിലും മേൽപ്പാലത്തിലും എതിർവശത്തുനിന്നും വരുന്ന ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ ഗതാഗത നിയമം ലംഘിച്ച് കയറി വരുന്നെന്നാണ് ഒരു പരാതി. സമയക്രമം പാലിച്ച് സർവിസ് നടത്തേണ്ട സ്വകാര്യ ബസുകൾ കുരുക്കിൽ അകപ്പെട്ട് ട്രിപ്പ് റദ്ദാവുന്നത് പതിവാണ്.
പെരുന്നാൾ പ്രമാണിച്ച് പെരിന്തൽമണ്ണ-കോഴിക്കോട് റോഡിൽ ടൗൺ സ്ക്വയർ പരിസരത്ത് വെള്ളിയാഴ്ച മുതൽ സിവിൽ പൊലീസുകാർ ഗതാഗത നിയന്ത്രണത്തിനുണ്ടായിരുന്നു. പുതിയ ഷോപ്പിങ് മാളുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുമ്പിൽ വാഹന പാർക്കിങിന് വേണ്ടത്ര സ്ഥലമില്ലാത്തതിനാൽ വാഹനവുമായി എത്തിയവർ വലയുകയാണ്. ഏറെ ദൂരം പോയി വാഹനം നിർത്തിയിട്ട ശേഷമാണ് കടകളിൽ കയറാനാവുന്നുള്ളൂ.
പെരിന്തൽമണ്ണ ടൗണിന്റെ രണ്ടു ഭാഗങ്ങളിൽ കോഴിക്കോട് റോഡ് ബൈപാസ് ജങ്ഷനിലും മാനത്തുമംഗലത്തുമാണ് ദുരിതം കൂടുതൽ. ഗതാഗതക്കുരുക്ക് കാര്യമായി ബാധിക്കുന്നത് വ്യാപാരികളെയാണ്. ഗതാഗതക്കുരുക്കും തിരക്കും കാരണം വ്യാപാര സ്ഥാപനങ്ങളിൽ സമീപ പ്രദേശത്തുകാർ എത്താൻ മടിക്കുന്നതായാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. 1995 ൽ നിർമിച്ച ആദ്യ ബൈപ്പാസിന് വേണ്ടത്ര വീതിയില്ല. റോഡിനോട് ചേർന്ന് തോടു കടന്നു പോവുന്നതിനാൽ വീതി കൂട്ടാൻ പ്രയാസമാണ്. അതേസമയം പുതിയ ഷോപ്പിങ് മാളുകളും വ്യാപാര സ്ഥാപനങ്ങളും ഇക്കാലയളവിൽ കൂടുതൽ ഉയർന്നു. പഴയ ബൈപാസ് വീതി കൂട്ടുക, അങ്ങാടിപ്പുറം ഓരാടംപാലം മുതൽ മാനത്തുമംഗലം വരെയുള്ള നിർദ്ദിഷ്ട ബൈപ്പാസ് യാഥാർഥ്യമാക്കുക എന്നിവയാണ് നിലവിലെ സ്ഥിതിക്ക് പരിഹാരം. എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടങ്ങളിൽ മാത്രമേ പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്കും പ്രയാസങ്ങളും ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വിഷയമാവുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.