പെരിന്തൽമണ്ണ: പള്ളി വളപ്പിൽ കുട്ടികൾക്കായി പാർക്കും മുതിർന്നവർക്കും സ്ത്രീകൾക്കുമായി വ്യായാമ സൗകര്യവുമൊരുക്കി പെരിന്തൽമണ്ണ പാതായ്ക്കര മസ്ജിദുൽ ഹുദാ- ഹിലാൽ മഹൽ കമ്മിറ്റി. പാതായ്ക്കരയിൽ ഗവ. പി.ടി.എം കോളജിന് എതിർവശത്ത് ഹിലാൽ കാമ്പസിലാണ് നാലുലക്ഷം ചെലവഴിച്ച് വ്യത്യസ്ത സൗകര്യങ്ങൾ ഒരുക്കിയത്. വിവിധ രീതിയിൽ ഉല്ലസിക്കാൻ കുട്ടികൾക്ക് ഊഞ്ഞാലുകളും ഡ്രൈവുകളുമുണ്ട്. ട്വിസ്റ്റർ, ക്രോസ് ട്രെയിനർ, ബൈസൈക്കിൾ ലെഗ് പ്രസ്സ്, ഡികാളിങ് ലാഡേഴ്സ് തുടങ്ങിയ ഉപകരണങ്ങളാണ് വ്യായാമത്തിനുള്ളത്. ഓപൺ ജിം ആൻഡ് ചിൽഡ്രൻസ് പാർക്ക് എന്ന പേരിൽ പള്ളിയിൽ വരുന്നവർക്ക് ഏത് നേരത്തും ഉപയോഗിക്കാവുന്ന രീതിയിലാണിത് ഇവ സ്ഥാപിച്ചത്.
അതേസമയം, പ്രാർഥനക്ക് എത്തുന്നവർ കാണാത്ത രീതിയിലായതിനാൽ നിശ്ചിത സമയങ്ങളിൽ സ്ത്രീകൾക്കും ഓപൺ ജിം ഉപയോഗപ്പെടുത്താമെന്ന് മഹല്ല് കമ്മിറ്റി അധികൃതർ പറഞ്ഞു. പള്ളിവളപ്പിൽ കുട്ടികൾക്ക് പാർക്കും മുതിർന്നവർക്ക് വ്യായാമ സൗകര്യവും ഒരുക്കുന്നത് അപൂർവമാണ്. ആരോഗ്യ സംരക്ഷണം വ്യായാമത്തിലൂടെ എന്ന സന്ദേശമുയർത്തിയാണ് പദ്ധതി. അവധിദിന മദ്റസയും കൗൺസലിങ് കേന്ദ്രവുമടക്കം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓപൺ ജിമ്മും കുട്ടികളുടെ പാർക്കും ഇന്റർനാഷനൽ ട്രെയിനർ ഷഫീഖ് പുലാമന്തോൾ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കോഓഡിനേറ്റർ എ.ടി. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സി.എസ്. മുഹമ്മദാലി, പി. അബ്ദുസ്സമദ്, പി.പി. അബൂബക്കർ, ടി.പി. അബൂബക്കർ, എ.എം. സാജിദ്, എം. അബ്ദുറഹ്മാൻ, വി.എം. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. പി. അബ്ദുല്ല സ്വാഗതവും ഒ.പി. ഖാലിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.