പെരുമ്പടപ്പ്: കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഭാഗമായിരുന്ന പെരുമ്പടപ്പ് വലിയകുളം നവീകരണം കഴിഞ്ഞ് ഒരാഴ്ചക്കകം മഴയിൽ ഇടിഞ്ഞ് താഴ്ന്നു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മഴയിലാണ് നാല് വശത്തെയും കെട്ടുകൾ ഇളകി കരിങ്കല്ലുകൾ കുളത്തിലേക്ക് പതിക്കുകയും വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തത്. ചുറ്റുമതിലും തകർന്നിട്ടുണ്ട്. ചുറ്റുഭാഗത്തെ ഭിത്തി ഏത് നിമിഷവും പൂർണമായി തകരുന്ന സ്ഥിതിയിലാണ്. കുളത്തിന്റെ ഭിത്തി തകർന്നതോടെ സമീപത്തെ സ്കൂൾ കെട്ടിടവും ഭീഷണിയിലാണ്.
കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന കുളത്തിൽ അടിഞ്ഞുകിടന്ന നാല് മീറ്ററോളം ചളിയും മണ്ണും നീക്കാതെയാണ് ഭിത്തി കെട്ടിയതെന്ന് ആക്ഷേപമുണ്ട്. ചളിയും മണ്ണും നീക്കി ആഴംകൂട്ടി വെള്ളം നിലനിർത്തുന്നതിന് പകരം കുളത്തിൽ അടിഞ്ഞു കിടന്ന മണ്ണിന് മുകളിൽനിന്ന് രണ്ടടി മാത്രം താഴ്ത്തിയാണ് പാർശ്വഭിത്തി നിർമിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. കുളത്തിന്റെ യഥാർഥ നീളവും വീതിയും അളന്നു തിട്ടപ്പെടുത്താതെയാണ് നിർമാണവും എസ്റ്റിമേറ്റും തയാറാക്കിയതെന്നും പരാതിയുണ്ട്. ഇതുമൂലം നിർമാണം കഴിഞ്ഞയുടൻ തൊട്ടടുത്ത് സ്വകാര്യ വ്യക്തി ഒരടി സ്ഥലം പോലും വിടാതെ മതിൽ കെട്ടി ഉയർത്തി. വില്ലേജ് അധികൃതർ സർവേ നടത്തി സ്ഥലം മുഴുവൻ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാതയടക്കം നിർമിക്കണമെന്നായിരുന്നു ആവശ്യം.
അശാസ്ത്രീയ നിർമാണമാണ് ഭിത്തി പെട്ടെന്ന് തകരാൻ ഇടയാക്കിയതെന്നാണ് ആരോപണം. കുളിക്കുന്നതിനൊപ്പം നീന്തൽ പരിശീലന കേന്ദ്രമാക്കി വലിയകുളത്തെ മാറ്റുക കൂടി ലക്ഷ്യമിട്ടാണ് നവീകരണം നടത്തിയത്. പഞ്ചായത്തിന്റെ പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി 31 ലക്ഷം രൂപ ചെലവിലാണ് വലിയകുളത്തെ മനോഹരമാ
ക്കിയത്. വന്നേരി നാടിന്റെ പൈതൃക പെരുമ സംരക്ഷിക്കാൻ പുരാവസ്തു വകുപ്പ് നടത്തിയ അന്വേഷണത്തിൽ 13ാം നൂറ്റാണ്ടിൽ പണിതീർത്ത വലിയ കിണറും കുളവും രാജവംശത്തിന്റെ ശേഷിപ്പാണെന്ന് കണ്ടെത്തിയിരുന്നു. സാമൂതിരിയുടെ ആക്രമണം ഭയന്ന് പെരുമ്പടപ്പ് രാജവംശം കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളത്തേക്കും പിന്നീട് കൊച്ചിയിലേക്കും പലായനം ചെയ്തെന്നാണ് ചരിത്ര രേഖകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.