പുലാമന്തോൾ: പുലാമന്തോൾ-കൊളത്തൂർ റൂട്ടിൽ കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ തകർച്ച തുടർക്കഥയാവുന്നു. നവീകരണ പ്രവർത്തനവും അറ്റകുറ്റപ്പണിയും ഒരു ഭാഗത്ത് നടന്നു കൊണ്ടിരിക്കെയാണ് മറ്റു ഭാഗങ്ങളിൽ തകർച്ചയും കുടിവെള്ളം പാഴാവുന്നതും നിത്യസംഭവമാവുന്നത്. പുലാമന്തോൾ മുതൽ ഓണപ്പുട വരെയുള്ള ഏഴ് കിലോമീറ്റർ റോഡിൽ വെള്ളം പൊട്ടിയൊഴുകാത്ത ദിവസമില്ല.
അലമ്പാറയിൽ കുടിവെള്ള പദ്ധതി ജലസംഭരണി ജങ്ഷനിൽ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണറുതിയായത്. പിന്നീട് ആലമ്പാറയിൽ തന്നെ മറ്റൊരു ഭാഗത്ത് റോഡിനിരുവശത്തുമുള്ള പുതിയ ലൈനും പഴയ ലൈനും തകർന്ന് ദിവസങ്ങളോളം റോഡിൽ വെള്ളം കെട്ടിനിന്നു. ഇതിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞ ദിവസമാണ് നടത്തിയത്. കുരുവമ്പലം തിരുത്ത് ഭാഗത്തേക്ക് സ്ഥാപിച്ച ജൽ ജീവൻ പദ്ധതി ജങ്ഷനിലെ കുടിവെള്ള ചോർച്ചയും ആഴ്ചകൾക്ക് ശേഷമാണ് അറ്റകുറ്റപ്പണി നടത്തിയത്. അതിനുശേഷം കുരുവമ്പലം പാടം ഭാഗത്താണ് രണ്ട് ദിവസമായി പൈപ്പ് ലൈൻ തകർന്ന് കുടിവെള്ളം പാഴാവുന്നത്. ഉച്ചമുതൽ വൈകുന്നേരം ഏഴ് വരെ തുടർച്ചയായി വെള്ളം പാഴാവുകയാണ്. കുരുവമ്പലം വില്ലേജ് പടിയിലും കുടിവെള്ളം റോഡിലൂടെ പാഴാവാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. പൈപ്പ് തകർച്ച തുടരുമ്പോഴും കരമടക്കുന്ന ഉപഭോക്താക്കൾ കുടിവെള്ളത്തിനായി കാത്തിരിപ്പ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.