പ്ലസ് വൺ: മലപ്പുറത്തിന് വേണ്ടത്​ 25,000 ലേറെ സീറ്റുകൾ

മലപ്പുറം: 20 ശതമാനം വർധന വരുത്തിയെങ്കിലും പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇത്തവണയും രൂക്ഷമാവും. മുക്കാൽ ലക്ഷത്തിലധികം പേർ എസ്.എസ്.എൽ.സിയിൽനിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയ ജില്ലയിൽ ആനുപാതിക സീറ്റ് വർധന കൂടി ചേർത്താൽ അരലക്ഷത്തിൽപരം പേർക്കാണ് അവസരം ലഭിക്കുക. സി.ബി.എസ്.ഇ ഉൾപ്പെടെ മറ്റു സിലബസുകളിലുള്ളവർ വേറെയുമുണ്ട്. ഇതര ജില്ലകളിൽ പരീക്ഷയെഴുതിയവരും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും തിരിച്ചെത്തിയവർ കൂടിയാവുമ്പോൾ പത്താം ക്ലാസ് കഴിഞ്ഞവരുടെ എണ്ണം 80,000 കടക്കും.

20 ശതമാനം സീറ്റ് വര്‍ധനയിൽ സര്‍ക്കാര്‍ 452, എയ്ഡഡ് തലത്തില്‍ 387 ബാച്ചുകളിലായി ആകെ 839 ബാച്ചുകളില്‍ 10 സീറ്റുകള്‍ വീതം അധികമായി ലഭിക്കും. ആകെ വര്‍ധിക്കുക 8,390 സീറ്റുകൾ. സർക്കാർ^എയ്ഡഡ് മേഖലയിൽ നോൺ മെറിറ്റിലടക്കം നിലിവിലുള്ളത് 41,950 സീറ്റുകളാണ്. ഇതോടെ സ്പോർട്സ് ​േക്വാട്ട ഉൾപ്പെടെ ചേർത്ത് 50,340 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കും. ഇത്തവണ 76,014 കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 75,554 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

അടുത്ത ഘട്ടത്തിൽ 10 ശതമാനം സീറ്റ് വർധന വരുത്തിയാലും 4195 പേർക്ക് കൂടിയേ അവസരമുണ്ടാവൂ. ഇതിന് എയ്ഡഡ് സ്കൂളുകൾ തയാറാവുകയും വേണം. 20 ശതമാനം സീറ്റ് വർധനയോടെ ഇപ്പോൾ തന്നെ ഓരോ ക്ലാസിലും 60 പേരായി. 10 ശതമാനം സീറ്റ് കൂടി വർധിപ്പിച്ചാൽ 65 ആയി ഉയരും.

എങ്ങനെ നോക്കിയാലും കാൽലക്ഷത്തിലധികം പേർ ഓപൺ സ്കൂളുകളെയും മറ്റു ഉപരിപഠന സാധ്യതകളെയും ആശ്രയിക്കേണ്ടി വരും. സർക്കാർ ഹൈസ്കൂളുകൾ ഹയർ സെക്കൻഡറിയാക്കി ഉയർത്തുകയും ബാച്ചുകൾ അനുവദിക്കുകയുമാണ് പരിഹാരം.

എല്ലാ വിദ്യാർഥികൾക്കും ഉപരിപഠനത്തിന്​ അവസരം ലഭ്യമാക്കും –മന്ത്രി

മലപ്പുറം: പ്ലസ്​ വൺ ​പ്രവേശന നടപടി ആരംഭിക്കുന്ന മുറക്ക്​ മലപ്പുറം ജില്ലയിലെ ഉപരിപഠനത്തിന്​ അർഹത നേടിയ എല്ലാ വിദ്യാർഥികൾക്കും പഠനത്തിനുള്ള അവസരം ലഭ്യമാക്കുമെന്ന്​ മന്ത്രി വി. ശിവൻകുട്ടി. ജില്ലയിലെ എസ്​.എസ്​.എൽ.സി കഴിഞ്ഞ വിദ്യാർഥികളുടെ ഉപരിപഠനം സംബന്ധിച്ച്​ നിയമ സഭയിൽ എ.പി. അനിൽകുമാർ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു മ​ന്ത്രി.

എസ്​.എസ്​.എൽ.സി പരീക്ഷയിൽ ജില്ലയിൽനിന്ന്​ 75,554 വിദ്യാർഥികൾ ഉപരിപഠനത്തിന്​ യോഗ്യത നേടി. ഹയർ സെക്കൻഡറി മേഖലയിൽ സർക്കാർ- 22,600, എയ്​ഡഡ്​- 19,350, അൺഎയ്​ഡഡ്​- 11,275 സീറ്റുകളാണുള്ളത്​. വൊക്കേഷനൽ ഹയർ സെക്കൻഡറി മേഖലയിൽ സർക്കാർ- 2580, എയ്​ഡഡ്​- 210 സീറ്റുകളും പോളിടെക്​നിക്കുകളിൽ സർക്കാർ- 1000, എയ്​ഡഡ്​- 360, അൺഎയ്​ഡഡ്​- 750 സീറ്റുകളും ഐ.ടി.ഐകളിൽ സർക്കാർ- 1124, അൺഎയ്​ഡഡ്​- 4856 സീറ്റുകളുമാണുള്ളതെന്നും മ​ന്ത്രി അറിയിച്ചു. 

Tags:    
News Summary - Plus One: Malappuram needs more than 25,000 seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.