മലപ്പുറം: പ്ലസ് വണിന് ക്ലാസുകൾ ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടും സ്കൂൾ കോമ്പിനേഷൻ മാറ്റം അനുവദിക്കാത്തത് വിദ്യാർഥികളെ വലക്കുന്നു. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയാക്കി ജൂൺ 24നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. തുടർന്ന് സപ്ലിമെന്ററി ഘട്ടത്തിലെ ഒരു അലോട്ട്മെന്റും പൂർത്തീകരിച്ചു. സാധാരണ ഗതിയിൽ ഒന്നാം അലോട്ട്മെന്റിൽ ചേർന്ന കുട്ടികൾക്ക് സൗകര്യപ്രദമായ കോഴ്സ് കോമ്പിനേഷനിലേക്കോ സ്കൂളിലേക്കോ മാറാൻ അവസരമൊരുക്കാറുണ്ട്.
എന്നാൽ ഇത്തവണ അവസരം നൽകാത്തത് കുട്ടികളെ ബാധിച്ചു. ജില്ലയിൽ സർക്കാർ-എയ്ഡഡ് മേഖലയിലായി 58,640 പേർ ആകെ പ്രവേശനം നേടിയിട്ടുണ്ട്. മെറിറ്റിൽ 49,224, സ്പോർട്സ് ക്വാട്ടയിൽ 994, മോഡൽ റസിൻഡൻഷ്യൽ സ്കൂളിൽ 25, കമ്യൂണിറ്റി ക്വാട്ടയിൽ 3,526, മാനേജ്മെന്റ് ക്വാട്ടയിൽ 4,871 അടക്കമാണിത്.
അൺ എയ്ഡഡ് മേഖലയിൽ 4,403 പേരും പ്രവേശനം പൂർത്തീകരിച്ചു. ആകെ 63,043 പേരാണ് പ്രവേശന നടപടികൾ പൂർത്തിയാക്കിയത്. സർക്കാർ സ്കൂളുകളിൽ മെറിറ്റും സംവരണവും പാലിച്ചാണ് അലോട്ട്മെൻറ് നടക്കുന്നത്. ആദ്യ രണ്ട് അലോട്ട്മെൻറുകളിൽ സംവരണ സീറ്റുകളിൽ മതിയായ അപേക്ഷകർ ഇല്ലെങ്കിൽ അത്തരം സീറ്റ് ഒഴിച്ചിട്ട് ബാക്കി വരുന്ന 60 ശതമാനത്തോളം സീറ്റുകളിലാണ് പ്രവേശനം അനുവദിക്കുന്നത്.
ഈ സാഹചര്യത്തിൽ പല കുട്ടികൾക്കും ഇഷ്ടപ്പെട്ട കോഴ്സോ സ്കൂളോ ലഭ്യമാകാറില്ല. മൂന്നാമത്തെ അലോട്ട് മെൻറിൽ അപേക്ഷകരില്ലാത്ത സംവരണ സീറ്റുകൾ ജനറൽ മെറിറ്റിലേക്ക് മാറ്റി അത്തരം സീറ്റിലേക്ക് കൂടി അലോട്ട്മെൻറ് നടത്തുന്ന രീതിയാണുള്ളത്. ഇങ്ങനെ മുഖ്യ അലോട്ട്മെൻറ് പൂർത്തിയാക്കുമ്പോൾ പലപ്പോഴും ആഗ്രഹിക്കുന്ന കോഴ്സോ സ്കൂളോ ലഭിക്കാത്ത വിദ്യാർഥികൾക്ക് തുടർന്നു നടക്കുന്ന സ്കൂൾ-കോമ്പിനേഷൻ ട്രാൻസ്ഫറിൽ അത് ലഭ്യമാകാറുണ്ട്.
എന്നാൽ ഇത്തവണ ട്രാൻസ്ഫർ അനുവദിക്കാതെ തന്നെ ആദ്യ സപ്ലിമെൻററി അലോട്ട്മെൻറ് നടത്തിയത് മാറ്റം പ്രതീക്ഷിച്ച കുട്ടികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. താൽപര്യമുള്ള കോഴ്സ് ലഭിക്കാത്തവരും അപേക്ഷ സമർപ്പണ സമയത്ത് അബദ്ധവശാൽ ഓപ്ഷൻ മാറി നൽകിയവരും മാറ്റം പ്രതീക്ഷിച്ച് സ്ഥിര പ്രവേശനം നേടിയവരാണ്. ഏറെ ദൂരെയുള്ള സ്ഥലങ്ങളിൽ പ്രവേശനം നേടിയ പലരും സ്കൂൾ മാറ്റം പ്രതീക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.