പൊന്നാനി: പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ മോഷ്ടിച്ച സംഭവത്തിൽ രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലാതെ ഇരുട്ടിൽ തപ്പി പൊലീസ്. ഈ മാസം 13ന് പുലർച്ചെയാണ് പൊന്നാനി ഐശ്വര്യ തിയറ്ററിന് സമീപത്തെ പ്രവാസി മണപ്പറമ്പിൽ രാജീവിന്റെ വീട്ടിൽ കവർച്ച നടന്നത്. പ്രതികളെ കണ്ടെത്താൻ തിരൂർ ഡിവൈ.എസ്.പി പി.പി. ഷംസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. മോഷണം നടന്ന വീടിന് സമീപത്തെ സി.സി.ടി.വി ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചു.
ഡോഗ് സ്ക്വാഡ് പരിശോധനയിൽ സമീപത്തെ സംസ്ഥാന പാത വരെ നായ എത്തിയിരുന്നു. സംഘം കാറിലെത്തിയാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മൊബൈൽ ടവർ പരിശോധനയും പൊലീസിന് വലിയ കടമ്പയാണ്. സമീപം സിനിമ തിയറ്റർ ഉള്ളതിനാൽ മോഷണം നടന്ന രാത്രിയിൽ ആയിരത്തിലധികം ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ട സ്ഥിതിയാണ്.
ഇതിനിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നതോടെ ദിവസങ്ങളോളം അന്വേഷണം നിർത്തിവെക്കേണ്ടി വന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയിലേക്ക് എത്തുന്ന സൂചനകൾ ലഭിച്ചിട്ടില്ല. വീട്ടിൽ ആരുമില്ലാത്ത സാഹചര്യമാണ് മോഷ്ടാക്കൾ പ്രയോജനപ്പെടുത്തിയത്. പിൻവാതിൽ കുത്തിത്തുറന്നാണ് അകത്ത് കയറിയത്. സി.സി.ടി.വി പൂർണമായി തല്ലിത്തകർത്തു. മോഷണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് പൊലീസ് നിഗമനം. മോഷ്ടാക്കൾ സ്വർണം മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. അലമാരയിലെ ലോക്കർ കുത്തിത്തുറന്ന് സ്വർണം അപഹരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.