പൊന്നാനി: പൊന്നാനി - പടിഞ്ഞാറെക്കര ജങ്കാർ സർവിസ് നിലച്ച് ഒരു വർഷമായിട്ടും പുനരാരംഭിക്കാത്തതിൽ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് പ്രതിഷേധം. പ്ലക്കാർഡുകളേന്തിയാണ് കൗൺസിലർമാർ പ്രതിഷേധിച്ചത്. കരാറുകാരുമായുള്ള തർക്കത്തെ തുടർന്ന് ഒരു വർഷത്തിലധികമായി നിർത്തിവെച്ച സർവിസ് പുനരാരംഭിക്കാൻ ഇതുവരെ നഗരസഭക്കായിട്ടില്ല.
വാഹന യാത്രക്കാരും വിദ്യാർഥികളും വ്യാപാരികളും ഏറെ ആശ്രയിച്ചിരുന്ന ജങ്കാർ ഉടൻ പുനരാരംഭിക്കുമെന്ന പതിവ് പല്ലവി തന്നെയാണിപ്പോഴുമുള്ളത്.
ജങ്കാറിന് പകരമായി നഗരസഭ നടത്തുന്ന ബോട്ട് സർവിസ് അപകടകരമായ സാഹചര്യത്തിലാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം തുറമുഖ വകുപ്പ് നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ബോട്ട് സർവിസ് നിർത്തിവെപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. യാത്ര ക്ലേശം പരിഹരിക്കാൻ ജങ്കാർ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, കൗൺസിലർമാരായ ശ്രീകല ചന്ദ്രൻ, ആയിഷ അബ്ദു, കെ.എം. ഇസ്മായീൽ, അബ്ദുൽ റാഷിദ് നാലകത്ത്, എം.പി. ഷബീറാബി, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.