പൊന്നാനി: വെളിയങ്കോട് ടൗൺ ജുമാമസ്ജിദിന് സമീപം നിർത്തിയ ഓട്ടോറിക്ഷയിൽ നിന്നും പണം കവർന്ന യുവാവ് പിടിയിൽ. പൊന്നാനി നഗരത്തിൽ താമസിക്കുന്ന പോക്കരകത്ത് സമീറിനെ (45) യാണ് പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വെളിയങ്കോട് ടൗൺ ജുമാമസ്ജിദിൽ ജുമുഅ നമസ്കാരത്തിന് എത്തിയ കോട്ടക്കൽ സ്വദേശി ഫൈസൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് 46,000 രൂപയാണ് കവർന്നത്. രണ്ടുവർഷം മുമ്പ് പൊന്നാനി പരിസര പ്രദേശങ്ങളിലും പാലപ്പെട്ടിയിലും സമാന രീതിയിൽ സമീർ മോഷണം നടത്തിയിട്ടുണ്ട്.
ചെറിയ തുക നഷ്ടപ്പെട്ടത് മൂലം പരാതിപ്പെടാത്തവരും ഉണ്ട്. പ്രതി വെള്ളിയാഴ്ചകളിൽ റോഡരികിലെ പള്ളികളിലേക്ക് വെള്ള മുണ്ടും വെള്ള ഷർട്ടും മാസ്കും ധരിച്ച് നമസ്കാരത്തിന് എന്ന വ്യാജേന വരികയും പള്ളിയിൽ എല്ലാവരും നിസ്കാരത്തിൽ ഏർപ്പെടുന്ന സമയം പരിസരത്ത് ആളില്ലാത്ത തക്കം നോക്കി ഓട്ടോറിക്ഷകളിലൂം മറ്റും കയറി ഡാഷ് ബോർഡിൽ സൂക്ഷിച്ചിരിക്കുന്ന പണവും മറ്റും കവർന്ന് പള്ളിയിൽ നിന്ന് ഇറങ്ങി വരുന്നവരുടെ ഒപ്പം നടന്നുപോവുകയുമാണ് ചെയ്യുന്നത്. നിരവധി സ്ഥലങ്ങളിൽ പ്രതിക്ക് സമാന രീതിയിലുള്ള കേസുകൾ ഉള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു.
വെളിയങ്കോട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ പൊലീസ് സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ച് നടത്തിയ നീക്കങ്ങളിൽ പ്രതിയെ തിരിച്ചറിയാൻ സഹായകമായ നിർണായക വിവരങ്ങൾ ലഭിച്ചു. എസ്.ഐ ആർ.യു. അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജു കുമാർ, നാസർ, എസ്. പ്രശാന്ത് കുമാർ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.