പൊന്നാനി: പാതിവഴിയിൽ ഓട്ടം നിർത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി കർശനമാക്കുന്നു. ഗുരുവായൂർ-പൊന്നാനി റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾ കുണ്ടുകടവ് ജങ്ഷനിൽ ട്രിപ്പ് അവസാനിപ്പിക്കുന്നത് പതിവായതോടെയാണ് ഇവർക്ക് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്. വിവിധ സംഘടനകളുടെയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ നടപടിയെടുത്തിരുന്നു.
എന്നാൽ മാസങ്ങൾക്ക് ശേഷം പഴയപടി ആയതോടെയാണ് വീണ്ടും നടപടിക്ക് ഒരുങ്ങുന്നത്. പാതിവഴിയിൽ ട്രിപ്പ് കട്ട് ചെയ്യുന്ന ബസുകൾ പിടികൂടാൻ ഓരോ ദിവസവും ഒരു ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമാക്കും. ഓഫിസ് ജോലികൾക്ക് തടസ്സം വരാത്ത രീതിയിൽ ഉദ്യോഗസ്ഥരെ പരിശോധനക്ക് നിയോഗിക്കുമെന്ന് പൊന്നാനി ജോയന്റ് ആർ.ടി.ഒ പറഞ്ഞു. പൊന്നാനി ബസ് സ്റ്റാൻഡ് വരെ പെർമിറ്റുള്ള ബസുകളാണ് പാതിവഴിയിൽ ഓട്ടം നിർത്തുന്നത്.
യാത്രാദുരിതത്തിന് പുറമെ തിരക്കേറിയ കുണ്ടുകടവ് ജങ്ഷനിലെ ബസുകളുടെ പാർക്കിങ് ഗതാഗത തടസ്സത്തിനും ഇടയാക്കുന്നുണ്ട്. വർഷങ്ങളായുള്ള ബസ് ജീവനക്കാരുടെ ഈ നിലപാടിൽ പ്രതിഷേധം ശക്തമാണ്. ട്രിപ്പ് കട്ട് ചെയ്യുന്നതു മൂലം സിവിൽ സ്റ്റേഷൻ, കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് എത്തേണ്ടവർ രണ്ട് ബസ് കയറി ഇറങ്ങേണ്ട ഗതികേടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.