പൊന്നാനി: സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റല്‍ റീസർവേ നടപടികള്‍ ആരംഭിക്കുന്ന സാഹചര്യത്തിൽ പൊന്നാനിയിലെ കടൽ പുറമ്പോക്ക് ഭൂമി പോലെയുള്ള അണ്‍സര്‍വേയ്ഡ് ഭൂമിക്ക് പ്രാഥമിക പരിഗണന നല്‍കി സർവേ നടപടികള്‍ പൂര്‍ത്തീകരിച്ച് പട്ടയം അനുവദിക്കുന്ന വിഷയം വിശദമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.
നിയമസഭയിൽ പി. നന്ദകുമാർ എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. സംസ്ഥാന സർവേ അതിര്‍ത്തിക്ക് പുറത്തുള്ള സ്ഥലമായതിനാല്‍ സെന്‍ട്രല്‍ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ മാത്രമാണ് സർവേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുക.
ജില്ലയിൽ പൊന്നാനി നഗരം, വെളിയങ്കോട്, പെരുമ്പടപ്പ് തുടങ്ങിയ വില്ലേജുകളില്‍ തീരദേശ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ഭൂനികുതി സ്വീകരിക്കാത്തത് സംബന്ധിച്ച് ഉന്നയിച്ച വിഷയം സര്‍ക്കാര്‍ വളരെ ഗൗരവമായി പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർവേ അതിര്‍ത്തിക്ക് പുറത്ത് അണ്‍സർവേയ്ഡ് ലാന്റായി കിടന്ന കടല്‍ ഇറങ്ങിയ സ്ഥലമാണ് പൊന്നാനി നഗരം, വെളിയങ്കോട്, പെരുമ്പടപ്പ് തുടങ്ങിയ വില്ലേജുകളിലെ തീരദേശ പുറമ്പോക്ക് ഭൂമി.
സർവേ നടപടികള്‍ നടന്ന 1930-35 കാലഘട്ടത്തില്‍ കടല്‍ പുറമ്പോക്കായി മാറ്റിയിട്ടിരുന്ന സ്ഥലത്ത് കാലക്രമത്തില്‍ കടല്‍ ഇറങ്ങുകയും വലിയ വിസ്തൃതിയുള്ള സ്ഥലം പുറമ്പോക്കായി മാറുകയുമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ വീടുകള്‍ നിര്‍മിച്ച് താമസമാക്കുകയും ചെയ്തു.
സ്ഥലത്തെ താമസക്കാര്‍ക്ക് പട്ടയം വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ പ്രത്യേക സർവേ ടീമിനെ നിയോഗിച്ച് സർവേ ചെയ്ത് പ്ലോട്ടുകളാക്കി 1982 മുതലുള്ള കാലയളവിലെ താമസക്കാര്‍ക്ക് പട്ടയം അനുവദിച്ചുനല്‍കി. എന്നാൽ, സർവേ രേഖകളില്‍ ഭൂമി ഉള്‍പ്പെടുത്തുകയോ വിജ്ഞാപനം ചെയ്യപ്പെടുകയോ ചെയ്യാത്തതുകാരണം പട്ടയങ്ങള്‍ നിയമ വിധേയമല്ലാത്തതിനാല്‍ കടൽ പുറമ്പോക്ക് ഭൂമിക്ക് പോക്കുവരവ് ചെയ്ത് കരമടക്കാന്‍ സാധിക്കില്ല. കേരള ലാന്റ് ടാക്‌സ് ആക്ട് പ്രകാരം നിലവിൽ കൈവശ ഭൂമിക്ക് കൈവശക്കാരനില്‍നിന്നും ഭൂനികുതി സ്വീകരിക്കുക മാത്രമാണിപ്പോൾ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.