പൊന്നാനി: മഴവെള്ളം ഒഴുകിപ്പോകാനായി നിർമിക്കുന്ന മൂന്ന് ഡ്രെയിനേജുകൾ കുട്ടാട് പ്രദേശത്തെ വെള്ളത്തിനടിയിലാക്കുമെന്ന ആശങ്കയിൽ പ്രദേശവാസികൾ. നിലവിൽ അഞ്ചുമുതൽ ഒമ്പതുവരെയുള്ള നഗരസഭ വാർഡുകളിലെ മഴവെള്ളം കുട്ടാട് പാടത്തുനിന്ന് അഞ്ചുകണ്ണി പാലത്തിനടിയിലൂടെ പുതിയ ദേശീയപാതക്ക് കുറുകെ നീലം തോടിലാണ് എത്തുന്നത്.
ദേശീയപാതയിലെ ഡ്രെയിനേജുകൾ മൂടിപ്പോവുകയും ദേശീയപാത ഉയരത്തിലാവുകയും ചെയ്തതോടെ വെള്ളം ഒഴിഞ്ഞുപോകാതെ അഞ്ച് വാർഡുകളിലെയും ജനം ദുരിതത്തിലാകും. ഇപ്പോൾ പുതിയതായി നിർമിക്കുന്ന കണ്ടകുറുമ്പക്കാവിന് മുൻവശത്തെയും ഹംസ ഹാജി റോഡിലെയും തേവർ ക്ഷേത്രം റോഡിലെയും ട്രെയിനേജുകളിലെ മഴവെള്ളം കുട്ടാട് പാടത്ത് എത്തുന്നതോടെ പ്രദേശത്തെ മുഴുവൻ വീടുകളിലും വെള്ളം കയറും. ഡ്രെയിനേജുകൾ ചമ്രവട്ടം ജങ്ഷനിലെ ഡ്രെയിനേജിലേക്കോ, ഐ.ടി.സി റോഡ് വഴി ഭാരതപ്പുഴയിലേക്കോ യോജിപ്പിക്കാൻ പൊന്നാനി നഗരസഭയും പൊതുമരാമത്ത് വകുപ്പ് അധികൃതരും തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഒരു ഭാഗത്ത് വയൽ വ്യാപകമായി നികത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന ഭാഗത്തുവരെ വയൽ നികത്തി കെട്ടിടം നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. നിർമാണം നിർത്താൻ പേരിനൊരു നോട്ടിസ് നൽകിയാൽ നടപടി അവസാനിച്ചുവെന്ന മട്ടിലാണ് റവന്യൂ ഉദ്യോഗസ്ഥർ. നോട്ടിസ് ലഭിച്ചിട്ടും പലരും നിർമാണം തുടരുകയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് ഡ്രെയിനേജ് നിർമിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലാതെ പോവുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.